Sunday, 20 April, 2008

ചെങ്ങറ മോഡല്‍ ഇലവുംകുന്നേലും

“എടീ കുഞ്ഞൂഞ്ഞമ്മേ, നിനക്ക് മരത്തേകയറാന്‍ അറിയാമോടീ?”

ചാക്കോച്ചന്‍ പത്രം വായനക്കിടെ വിളിച്ചുചോദിച്ചത് കുഞ്ഞൂഞ്ഞമ്മ

കേട്ടില്ലന്നു നടിച്ചു.

“ഇതെന്നാ അമ്മച്ചിയാണോ മരത്തേല്‍ കേറുന്നത് ഈ ചാച്ചനിതെന്നാ പറ്റി?”
ബെറ്റി അടുക്കളയില്‍നിന്നും പുറത്തേക്ക് തലനീട്ടി.
“ മരത്തേല്‍ ഞാന്‍ കേറണോ ചാച്ചാ?”
തോമസുകുട്ടിയുടെ ചോദ്യം കട്ടിലില്‍ കിടന്നുകൊണ്ടായിരുന്നു.
“നീ പനേലൊന്നും വലിഞ്ഞുകേറണ്ടടാ ചെറുക്കാ .”
കുഞ്ഞൂഞ്ഞമ്മ തിണ്ണയിലേക്കുവന്നു.
“ ഇതിയാനുവേണേല്‍ ആ ചെത്തുകാരന്‍ വരുമ്പോ വാങ്ങിച്ചു കുടിക്കട്ടേ.”
“എനിക്ക് കള്ളു കുടിക്കാനൊന്നും അല്ലടീ, കിട്ടാനുള്ള കുറച്ചുകാശു കിട്ടാന്‍
വഴിയുണ്ടോന്നറിയാനല്ലേ ഞാന്‍ ചോദിച്ചത് .”
ചാക്കോച്ചന്‍ പത്രം താഴെ വച്ചു .
“ഈ അമ്മച്ചി മരത്തേ കേറിയാലെങ്ങനെയാ ചാച്ചാ പൈസ കിട്ടുന്നേ?”
ഡൈസിക്ക് കാര്യം പിടികിട്ടിയില്ല
“എടീ ഈ പത്രത്തില്‍ കണ്ടില്ലേ, ചെങ്ങറയില്‍ ഇവളേപ്പോലെ ഉള്ള
പെണ്ണുങ്ങളു മരത്തില്‍ കയറി കഴുത്തേല്‍കുടുക്കും ഇട്ട് ചാടുമെന്നു
പറഞ്ഞപ്പോള്‍ സ്ഥലം ഒഴിപ്പിക്കാന്‍ വന്നവരിട്ടിട്ട്പോയന്ന് , ഇവിടേം
ഉണ്ടല്ലോ ഇതുപോലെ ഒരുത്തി വല്ല പ്രയോജനവും ഉണ്ടോ ?”
ചെങ്ങറയില്‍ ആരാണ്ടങ്ങിനെ ചെയ്തതിനു ഈ അമ്മച്ചിയേ എന്തിനാ ചീത്ത
വിളിക്കുന്നേ ?”
ബെറ്റിമോളും തിണ്ണയിലേക്കുവന്നു
“എടീ ഞാന്‍ ചത്താ ഇതിയാനു കൂടുതല്‍ സ്ത്രീധനോം വാങ്ങിച്ച് കെട്ടാമല്ലോ ?
എന്നാലേ ആ പൂതിയങ്ങു മനസ്സില്‍ വച്ചോണ്ടാ മതി കേട്ടോ, പിള്ളേരു
കേക്കുന്നുണ്ടെന്നൊന്നും വിചാരിക്കുകേല ഞാന്‍ വല്ലോം പറഞ്ഞു പോകും”
കുഞ്ഞൂഞ്ഞമ്മ കൈയ്യിലിരുന്ന ചട്ടുകം വലിച്ച് ഒരേറുകൊടുത്തു
“എടീ ഞാന്‍ രണ്ടാം കെട്ടിന്റെ കാര്യമൊന്നുമല്ല പറഞ്ഞു വരുന്നത്
ആദ്യകെട്ടിന്റെ കാര്യം തന്നെയാ. ബെറ്റിയേ കെട്ടിക്കാറായി .എന്നിട്ടും നിന്നേ
ഞാന്‍ കെട്ടിയപ്പോള്‍ നിന്റെ അപ്പന്‍ എനിക്കു തരാമെന്നുപറഞ്ഞ സ്ത്രീധന
ക്കാശിന്റെ ബാക്കി തന്നിട്ടില്ലല്ലോ.അതു വാങ്ങിച്ചെടുക്കാനായിട്ടിനി ഇങ്ങിനെ
വല്ലോം ചെയ്യ്താലെന്നാന്നാ ഞാന്‍ ആലോചിക്കുന്നത് .”
സ്ത്രീധനക്കാശിന്റെ ബാക്കിയേപ്പറ്റി പറഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞമ്മയുടെ മുഖം
കടന്നലുകുത്തിയപോലെ ആയി .
“തന്നില്ലേല്‍ കണക്കായിപ്പോയി, എന്റെ അപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിത്തന്ന
കാശ് ആ എല്‍സമ്മ കൊണ്ടുപോയി തിന്നതല്ലാതെഎനിക്ക് ഒരു ചട്ടേം മുണ്ടും
വാങ്ങാന്‍ പോലുംകിട്ടിയില്ല .ഇവളൊന്നും ഗുണം പിടിക്കാന്‍ പോണില്ല .”
കുഞ്ഞൂഞ്ഞമ്മ ചവിട്ടിക്കുതിച്ച് അടുക്കളയിലെക്കുപോയി .
സംഗതി ശരിയാണ്. കുര്യാപ്പി സ്ത്രീധനക്കാശിന്റെ ബാക്കി ഇരുപത്
കൊല്ലമായിട്ടും കൊടുത്തിട്ടുമില്ല കൊടുത്തകാശ് പെങ്ങളുപെണ്ണ് എല്‍സമ്മയേ
കെട്ടിക്കാന്‍ ചാക്കോച്ചന്‍ കൊടുക്കുകയും ചെയ്തതാണ്.
“ആത്മഹത്യാശ്രമം കുറ്റമല്ലേ?അപ്പോപ്പിന്നെ ഈ പെണ്ണുങ്ങളേ
എന്താ പോലീസു പിടിക്കാഞ്ഞേ?
ഡൈസിമോള്‍ പത്രം എടുത്തു നോക്കിയിട്ടു ചോദിച്ചു .
“അറസ്റ്റ് ചെയ്യുകേം ഒന്നും വേണ്ടായിരു ന്നെടീ പിടിച്ചുനിര്‍ത്തി ചൂരല്‍കൊണ്ട്
ഈരണ്ടുകൊടുത്തിരുന്നേല്‍ മതിയായിരുന്നു അതില്ലാത്തതുകൊണ്ടല്ലേ
കൈയ്യേറിയ സ്ഥലത്തു നിന്നും ഒഴിയാന്‍പറയുമ്പോള്‍ ഇത്തരം അഭ്യാസം
കാണിക്കാന്‍ തോന്നുന്നേ ഈ ഒഴുപ്പിക്കാന്‍ വന്നവരു ചെയ്തതും ശരിയല്ല
ചാടണ്ടവരോടു ചാടിക്കൊള്ളാന്‍ പറയണമായിരുന്നു ഒരുത്തീം
ചാടുകേല, ഇതു മുഴുവനും അഭ്യാസമല്ലേ ?”
ബെറ്റിമോള്‍ക്ക് ഈ സമരരീതി ഒട്ടുംപിടിച്ചില്ല.
നിയമങ്ങള്‍പാലിക്കപ്പെടണമെന്ന് വാശിയുള്ളവളാണു ബെറ്റി.
“ചാച്ചാ അമ്മച്ചിക്കുപറ്റുകേലേല്‍ വേണ്ടാ,ചാച്ചനുപറ്റിയ സമരമുറയുമുണ്ടല്ലോ
ഇതില്‍,പെണ്ണുങ്ങള്‍ മരത്തില്‍ കയറിയപ്പോള്‍ ആണുങ്ങള്‍ മണ്ണെണ്ണ
ജാറുകളുമായി ചാകുമെന്നുപറഞ്ഞ് വന്നത് കണ്ടില്ലേ?”
ഡൈസി അങ്ങിനെ പറഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞമ്മ തേച്ചോണ്ടിരുന്ന
കരിക്കലവുമായി തിണ്ണയിലോട്ടുകയറി.
“എടീ ബെറ്റീ നീ കുറച്ചു മണ്ണെണ്ണ ഒരു കുപ്പീലാക്കി ഇതിയാനു കൊടുത്തു
വിടടീ . അതുംകൊണ്ടുപോയി സ്ത്രീധനം വാങ്ങിക്കുന്നേ വാങ്ങിക്കട്ടേ !!”
കുഞ്ഞൂഞ്ഞമ്മക്ക് കെട്ടിയോനെ അടിക്കാന്‍ ഒരു വടി കിട്ടിയതിന്റെ
സന്തോഷം .
“കുപ്പീല്‍ വേണ്ടടീ ജാറില്‍ത്തന്നെ മതി കുപ്പികണ്ടാല്‍
കൂട്ടുങ്കല്‍ കുര്യാപ്പി അപ്പഴേ പിടിച്ചു മേടിച്ച് വിഴുങ്ങും !”
അമ്മായിഅപ്പനിട്ട് ഒന്നു താങ്ങാന്‍ കിട്ടിയ അവസരം
ചാക്കോച്ചനും പാഴാക്കിയില്ല. അതുകേട്ട് തോമസ്സ് കുട്ടിപൊട്ടിച്ചിരിച്ചു.
കുഞ്ഞൂഞ്ഞമ്മ കൈയ്യിലിരുന്ന കരിക്കലംവച്ച് അവനിട്ട്
ഒരേറുവച്ചുകൊടുത്തു.

1 comment:

റീത്താമ്മ ജോസ് said...

ആശയാവതരണത്തിലെ പുതുമക്ക് അഭിനന്ദനം