Wednesday, 29 August, 2007

ചിക്കന്‍ ഗുനിയാ മദ്യദുരന്തം!!

"ഒരു ഹിന്ദു, ഒരു ക്രിസ്ത്യാനി, ഒരു മുസ്ലീം!കൊള്ളാം !!

ഇനി ആര്‍ക്കും പരാതി കാണുകേല അവരുടെ പ്രതിനിധിയില്ലന്ന്,

മാതാവ് അറിഞ്ഞുതന്നെ ചെയ്തിട്ടുണ്ടല്ലോ." കുഞ്ഞൂഞ്ഞമ്മയുടെ ആത്മഗതം.

" എന്നാടീ പത്രത്തില്‍ ഇത്രകാര്യമായിട്ട്?" ഞാന്‍ വിളിച്ചു ചോദിച്ചു .

" നിങ്ങക്ക് കണ്ണുകാണാമോ മനുഷേനേ?" ഒരുമറുചോദ്യമായിരുന്നു തിരിച്ച്.

" അതെന്നാടീ അത്രക്ക് കെളവനായോ ഞാന്‍?"

" അല്ല, ഇന്നലെ ഓണാഘോഷമല്ലായിരുന്നോ? അതുകൊണ്ട് ചോദിച്ചതാ.

കൊല്ലത്ത് ഘോഷിച്ചവരുടെ വിശേഷമാ ഞാന്‍ ഇപ്പോ വായിച്ചേ.

മൂന്നെണ്ണം ചത്തു. എത്രയെണ്ണത്തിന്റെ കണ്ണുപോയെന്ന്

പാറേമാതാവിനറിയാം.”

ഞാന്‍ പത്രം മറിച്ചുനോക്കി.വ്യാജമദ്യം കഴിച്ച് മൂന്നു മരണം.

“കാശുകൊടുത്ത് കടിക്കുന്ന പട്ടിയേ മേടിക്കുക എന്നു പറഞ്ഞുകേട്ടിട്ടേ ഉള്ളൂ.”

“ അതിനുചാച്ചാ, ഇത് കാശുകൊടുത്ത് വാങ്ങിയതല്ലല്ലോ? ബോണസ്സല്ലേ .”

ബെറ്റിമോള്‍ ചോദിച്ചപ്പോഴാണു ഞാന്‍ അത് ശ്രദ്ധിച്ചത്.

സ്ഥിരം കുടിയന്മാര്‍ക്ക് ബോണസ്സ്.. സംഗതികൊള്ളാമല്ലോ .

“ നിങ്ങളേപ്പോലുള്ളവരല്ലേ, ഓസ്സില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും.”

കുഞ്ഞൂഞ്ഞമ്മ എനിക്കിട്ട് ഒരു തോണ്ട് തോണ്ടി.

“നീ ആ ഫോണെടുത്ത് നിന്റെ വീട്ടിലോട്ട് ഒന്നു വിളിക്ക്.

എന്റെ അമ്മായിഅപ്പന്റെ കണ്ണുഫ്യൂസ്സായോ എന്നൊന്നറിയണ്ടേ?” ഞാനും

വിട്ടില്ല.

“ചാച്ചനു രാവിലേ തുടങ്ങി. കൂട്ടുങ്കല്‍ കുര്യാപ്പിയെ കുത്താന്‍.” ഡൈസി മോള്‍

ഇടപെട്ടു. കുഞ്ഞൂഞ്ഞമ്മ മോന്തവീര്‍പ്പിച്ച് ചവിട്ടിക്കുതിച്ച് അടുക്കളയിലേക്ക്

പോയി .

“ ചാച്ചാ ഒരുപാട് പുതിയസ്കീമുകള്‍ ഈ ഷാപ്പിലുണ്ട്.” തോമസ്കുട്ടിപത്രം

നോക്കി വായിച്ചു. “പുതിയകുടിയന്മാരേ എത്തിക്കുന്നവര്‍ക്ക് പ്രത്യേക

സമ്മാനം!

സ്ഥിരം കുടിയന്മാര്‍ക്ക് ഉല്‍സവ ബോണസ്സ് !!

ചാച്ചാ, നമ്മളു മലയാളികളുടെ എടപാടെല്ലാം ഇങ്ങിനെയാ,

പക്ഷിപ്പനിവന്നപ്പോ എല്ലാവനും കോഴി ഇറച്ചിയും മുട്ടയും തിന്നണ്ടാ എന്ന്

തീരുമാനിച്ചു. അപ്പോഴല്ലേ സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ സൗജന്യമായി

ഓംലറ്റ് കൊടുത്തത്. എല്ലാവനും പോയി മൂക്കുമുട്ടെ തിന്നുകേം, ചെയ്തു, പാഴ്സല്‍

കൊണ്ടുപോകുകേം ചെയ്തു. അതാ അമ്മച്ചി പറഞ്ഞത് ഓസ്സില്‍ കിട്ടിയാല്‍

ആസിഡും കുടിക്കും എന്ന്!! മനസ്സിലായോ?”

ബെറ്റിമോള്‍ കാര്യം അടിസ്ഥാനപരമായി വിശദീകരിച്ചു.

“ അങ്ങിനെ അങ്ങോട്ടു പറഞ്ഞുകൊടുക്കെടീ പെണ്ണേ.

അതിയാന്റെ തലമണ്ടേലോട്ട് വല്ല വിവരവും കേറട്ടേ.”

അടുക്കളേന്ന് ഒരാക്രമണം. കൂട്ടുങ്കല്‍ കുര്യാപ്പിക്കിട്ട് ഞാന്‍ കുത്തുന്നതു

കുഞ്ഞൂഞ്ഞമ്മക്ക് ഭയങ്കര കലിയാണ്.

“ഈ നാട്ടില്‍ ആരോഗ്യ വകുപ്പ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നേല്‍

ഇതൊന്നും വരികേലായിരുന്നു“ ബെറ്റി ആ പറഞ്ഞത് എനിക്ക്

മനസ്സിലായില്ല.

“ എടീ ആരോഗ്യവകുപ്പല്ല എക്സൈസ് വകുപ്പാ ഇതൊക്കെ നോക്കുന്നത്.

പിന്നെ നീ എന്നാ തിരിച്ച് പറയുന്നേ?” കുഞ്ഞൂഞ്ഞമ്മക്കും അതേ സംശയം.

“ അമ്മച്ചീ അതെനിക്കറിയാം. കള്ളുഷാപ്പില്‍ കൊടുക്കണേ കള്ളു

ചെത്തെണ്ടേ?

അതിനു പനയുടെ മോളില്‍ കയറണ്ടേ? അതിനു പറ്റിയവര്‍ ആരാ ഉള്ളത് ?”

ബെറ്റി ചോദിച്ചപ്പോള്‍ എനിക്ക് വീണ്ടും കണ്‍ഫ്യൂഷന്‍!

“ അതിനു ഈ നാട്ടിലെ ചെത്തുകാരെല്ലാം എന്നാ ചന്ദ്രനിലേക്ക് പോയോ?”

“ ആരും പോയിട്ടൊന്നുമില്ല. ചാച്ചന്‍ ചിക്കന്‍ ഗുനിയായുടെ കാര്യം

മറന്നുപോയോ?

പനേല്‍ കേറാന്‍ പോയിട്ട് നേരേ ചൊവ്വേ നടക്കാന്‍ പറ്റുന്നില്ലല്ലോ

ഒരുത്തനും.

പിന്നെങ്ങനെ കള്ളുചെത്തും? അപ്പോപ്പിന്നെ ഷാപ്പില്‍ വ്യാജനല്ലേ
കൊടുക്കാന്‍ പറ്റൂ.”

“ ശരിയാണല്ലോ മോളേ, അപ്പോപ്പിന്നെ ചത്തുപോയവര്‍ക്ക് ചിക്കന്‍

ഗുനിയായുടെ കണക്കില്‍ പെടുത്തി നഷ്ടപരിഹാരവും കൊടുക്കാം അല്ലേ ?

“ ചുരുക്കത്തില്‍ ചിക്കന്‍ ഗുനിയായുടെ അനന്തര ഫലം മദ്യദുരന്തം!!

ഷാപ്പുകാരനു ഗോതമ്പുണ്ട തിന്നേണ്ട കാര്യം ഇല്ല. നന്നായി.”

തോമസ്സ്കുട്ടി പൊട്ടിച്ചിരിച്ചു.ഞങ്ങളും കൂടെ ചിരിച്ചു.