Wednesday 23 May, 2007

പുണ്യാഹ പ്രശ്നത്തില്‍ കുഞ്ഞൂഞ്ഞമ്മ നയം വ്യക്തമാക്കുന്നു

"എടീ കുഞ്ഞൂഞ്ഞമ്മേ

ഒരു രാഷ്ടീയക്കാരന്‍ കയറിയതിനു ശുദ്ധിവരുത്താന്‍ പുണ്യഹം തളിച്ചെന്ന്”

അത് കേട്ടതും കുഞ്ഞൂഞ്ഞമ്മതാടിക്കു കൈവച്ചുകൊണ്ടുപറഞ്ഞു.

“എന്റെ മാതാവേ പണ്ടൊക്കെ എരുമച്ചാണകമല്ലേ തളിച്ചിരുന്നത്,

ഇപ്പോള്‍പുണ്യാഹം.പരിഷ്കാരം പോയ ഒരു പോക്കേ”

“അമ്പലത്തിലാണോടീ എരുമച്ചാണകം? പോരെങ്കില്‍ ഇത് ഒരു


കേന്ദ്രമന്ത്രിയുടെ കാര്യവും”

എനിക്കു അരിശം വന്നു.

“എന്നാല്‍ കാര്യം നേരേചൊവ്വേ പറ മനുഷേനേ” കുഞ്ഞൂഞ്ഞമ്മ തിണ്ണേലോട്ടു


കയറി.

“എടീ ഗുരുവായൂരമ്പലത്തില്‍ വയലാര്‍ജി കുഞ്ഞിനു ചോറുകൊടുത്തിട്ടു പോയ

പുറകേ അമ്പലം അശുദ്ധമായന്നും പറഞ്ഞ് അവിടെയുള്ളവരു പുണ്യാഹം

നടത്തീന്ന്”

“അത്രേ യൊള്ളോ, അതിനെന്നാ,നടത്തെണ്ടവന്‍ നടത്തെട്ടേ മന്ത്രിക്കു


പൈസാ ചിലവൊന്നുമില്ലല്ലോ”

“ എടീ കൂട്ടുങ്കല്‍ കുര്യാപ്പി അങ്ങിനെ വിചാരിക്കും എന്നുവച്ച്

മാന്യന്മാര്‍ അങ്ങിനെയല്ല. അതാദ്യം മനസ്സിലാക്ക്”


കൂട്ടുങ്കല്‍ കുര്യാപ്പി കുഞ്ഞൂഞ്ഞമ്മയുടെ അപ്പനാണു.അതായത് എന്റെ


അമ്മായിഅപ്പന്‍.

കുഞ്ഞൂഞ്ഞമ്മ എന്നെ രൂക്ഷമായി ഒന്നു നോക്കി.

“കൂട്ടുങ്കല്‍ കുര്യാപ്പി അവിടെങ്ങാനും കിടക്കട്ടേ,

നിങ്ങള്‍ പറയുന്ന ഈ മാന്യവ്യക്തി പുണ്യാഹം തളിപ്പിക്കുന്നത് ഇത് ആദ്യം

ഒന്നും അല്ലല്ലോ.

പിന്നേം പിന്നേം എന്തിനാ അങ്ങിനെ ചെയ്യുന്നത്?

ഞാന്‍ ആ അമ്പലക്കാരെ കുറ്റം പറയുകേല. അവരു പുണ്യാഹം തളിച്ചാലും

അകത്ത് കേറാന്‍ സമ്മതിക്കുകേം ചോറുകൊടുപ്പിക്കുകേം ഒക്കെ ചെയ്തില്ലേ?


പിന്നെ സത്യ ക്രിസ്ത്യാനിയായ നിങ്ങളെന്തിനാ ഇന്നാളു

നിങ്ങളുടെ പെങ്ങളുവന്നിട്ടുപോയപ്പോള്‍ അവരുചവിട്ടിയമണ്ണും

പിന്നെ മുളകും ഉപ്പും എല്ലാംകൂടി കൂട്ടി അടുപ്പിലിട്ടത്?

അതുപോലെ ഉള്ള ഒരു കലാപരിപാടിയായി എതും അങ്ങു കൂട്ട്”

കുഞ്ഞൂഞ്ഞമ്മ ഞാന്‍ അവളുടെ അപ്പനു പറഞ്ഞതിന്റെ കോപത്തിലാണെന്നു

മനസ്സിലായെങ്കിലും ഞാന്‍ വിട്ടില്ല.

“എടീ നമ്മളു മാമ്മോദീസ മുങ്ങുന്നതുപോലെ ഒന്നും വേണ്ടാ ഹിന്ദുവാകാന്‍,

അപ്പോപ്പിന്നെ ഇത്രേം ഭക്തിയുള്ള അദ്ദേഹം ഹിന്ദുവല്ലന്നുപറയുന്നത്

ശരിയല്ല”

“ ഞാനൊന്നും പറയുന്നില്ലെന്റെ മനുഷ്യേനേ,

ഒരു സ്ഥലത്ത് ഒരുനിയമം ഉണ്ടെങ്കില്‍ അതുപാലിക്കണം.അത്

വലിയകുറ്റമൊന്നും അല്ല.

അതു ശരിയല്ലായെങ്കില്‍ മാറ്റണം അതിനല്ലേ മന്ത്രിക്ക് അധികാരം

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

കുഞ്ഞൂഞ്ഞമ്മ കൂട്ടുങ്കല്‍ കുര്യാപ്പി യുടെ മകളാണെങ്കിലും പറഞ്ഞത്

കാര്യമാണല്ലോ.

അതു വെറുതേ നിഷേധിക്കുവാന്‍ ഞാന്‍ ഒരു രാഷ്ട്രീയക്കാരനുമല്ലല്ലോ.

No comments: