Saturday, 17 October 2009

പോത്തന്‍ വക്കീലും,മെഡിക്കല്‍ കോളേജും....

"എന്നാലും ഇതുകുറച്ചു കടുപ്പമായിപ്പോയി!"
കുഞ്ഞൂഞ്ഞമ്മ പത്രം നോക്കിക്കൊണ്ട് തലയില്‍ കൈവെച്ചു।
"എന്നാ അമ്മച്ചീ, ഗുണ്ടാകള്‍ വഴിയേ പോയ വല്ലോരേം പിന്നേം വെറുതേ വെട്ടിക്കൊന്നോ?”
തോമസുകുട്ടി കട്ടിലില്‍ കിടന്നുകൊണ്ട് വിളിച്ചുചോദിച്ചു।
“അതല്ലടാ, ഇത് മെഡിക്കല്‍കോളേജിലേ കാര്യമാ,”
“ എന്നാടീ വീണ്ടും വല്ല പെണ്ണുങ്ങളും ഡിസ്ചാര്‍ജ്ജ് ചെയ്ത് വിട്ടവഴി
ആശുപത്രി മുറ്റത്ത് പ്രസവിച്ചോ?അത് ഉണ്ടായില്ലേലേ അത്ഭുതമുള്ളൂ!”
ചാക്കോച്ചന്‍ കാപ്പി ഗ്ലാസു താഴെവെച്ചു

ചാക്കോച്ചനു മെഡിക്കല്‍കോളേജ് ആശുപത്രിക്കാരേ കണ്ണെടുത്താല്‍ കണ്ടുകൂടാ
പണ്ട് ചാക്കോച്ചന്റെ ചാച്ചന്‍ വര്‍ക്കിച്ചേട്ടനേം കൊണ്ട്
ഒരിക്കല്‍ മെഡിക്കല്‍ കോളേജില്‍ പോയതില്‍പ്പിന്നെ തുടങ്ങിയതാണു ഈ കലി।

വണ്ടി ഇടിച്ച് വായില്‍ നിന്നും മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചുകിടന്ന വര്‍ക്കിച്ചേട്ടനേ ഡോക്ടര്‍ നോക്കണമെങ്കില്‍ എക്സ്റേ പടം കിട്ടണം। അത് കിട്ടാതെ മണിക്കുറു മൂന്നാലു കിടന്നു। അവസാനം ഒരു അറ്റന്ററാണു പറഞ്ഞത് പടം ചുമ്മാ ഇങ്ങുവരികേല വേണേ അകത്തുചെന്ന് അതിനു ചുമതലപ്പെട്ടയാളേ കാണണമെന്ന് അന്നുതൊട്ട് ആശുപത്രിക്കാരെന്നുവച്ചാല്‍ ചാക്കോച്ചനു കാള ചുവപ്പുകാണുന്നതുപോലെയാണ്।
കുത്തിക്കീറാനുള്ള ആവേശം।

“വഴീല്‍ പ്രസവിച്ചതൊക്കെപ്പണ്ട് കൊല്ലത്ത്, ഇത് കോട്ടയത്ത്,
ഇടിമിന്നലേറ്റ് രാത്രി 8മണിക്കുകൊണ്ടു വന്ന കുട്ടിയേ ഡോക്ടര്‍ നോക്കണേ ഇ സിജി വേണം
അതിനായിട്ട് ഒരു പാവം മനുഷ്യന്‍ ഒരുപാടു സ്ഥലത്തു കൊച്ചിനേം കൊണ്ടോടീന്ന് ।”
കുഞ്ഞൂഞ്ഞമ്മ വിശദീകരിച്ചു

“അതെന്നാടീ ജില്ലയിലേ ഏറ്റവും വലിയ ആശുപത്രിയല്ലേ മെഡിക്കല്‍കോളേജ്?
അവിടെ ഈ കുന്ത്രാണ്ടം ഇല്ലാതിരിക്കുമോ?” ചാക്കോച്ചനു സംശയം।

“ചാച്ചാ ചിലപ്പോള്‍ ബോബനും മോളീലേം പോത്തന്‍ വക്കീലിന്റെ പരിപാടിയായിരിക്കും മെഡിക്കല്‍ കോളേജില്‍। വക്കീലു തടികൊണ്ട് പുസ്തകം പോലെ ഉണ്ടാക്കി അതില്‍ പെയിന്റടിച്ച് അലമാരേല്‍ നിറച്ചും വച്ചിട്ടുണ്ട്। ആരുകണ്ടാലും ഒരുപാട് പുസ്തകം ഉണ്ടെന്ന് വിചാരിക്കും, ചിലവും വളരെ കുറവ് ഈ സാധനങ്ങളൊക്കെ വാങ്ങണേ ഒരുപാടുകാശുവേണ്ടേ ചാച്ചാ?” ബെറ്റി ചിരിച്ചു

“ചാച്ചാ അന്നുനമ്മളു വല്യപ്പച്ചനേം കൊണ്ട് ചെന്നപ്പോ പുറത്തുള്ള ഒരു ലാബറട്ടറിയിലോട്ടു വിട്ടില്ലേ
ആ ലാബറട്ടറിയില്‍ ചെന്നപ്പോ നമ്മടെ പേരിനുപകരം ഡോക്ടറുടെ പേരാണല്ലോ എഴുതുന്നതായി കണ്ടത്!” ഡൈസിക്ക് സംശയം

“ചിലപ്പോഓരോ ഡോക്ടറും എത്ര രോഗികളേ അയച്ചൂന്ന് വല്ല സര്‍വ്വേയും കാണുമായിരിക്കും
മെഡിക്കല്‍ കോളേജല്ലേ വല്ലറിസര്‍ച്ച് പ്രോജക്ടുമായിരിക്കും।” തോമസുകുട്ടി പൊട്ടിച്ചിരിച്ചു

“മെഡിക്കല്‍ കോളേജില്‍ യന്ത്രം ഒക്കെയുണ്ട് ,
എന്നാല്‍ ഇ സി ജി ഇവിടെ എടുത്താല്‍ ശരിയാകുകേലന്ന് പറഞ്ഞാ വിട്ടത്।”
കുഞ്ഞൂഞ്ഞമ്മ പത്രംനോക്കി പറഞ്ഞു।
“എടുത്താ ശരിയാകുകേലാത്ത യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരുത്തനേ എന്തിനാ അവിടെ ശമ്പളം കൊടുത്തിരിക്കുന്നേ? ഇതൊന്നും നോക്കാന്‍ അവിടെ ആളില്ലേ?”
ബെറ്റിക്ക് ദേഷ്യം വന്നു
ഒരിക്കലും ഇത്തരം കാര്യങ്ങള്‍ അവള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല।

“എടീ ആ കുന്ത്രാണ്ടത്തിനു മിക്കവാറും കേടൊന്നും കാണില്ല,
ഇവന്മാരുടെ അഭ്യാസമായിരിക്കും ।

പിന്നെ എനിക്ക് അത്ഭുതം ഒന്നും ഇല്ല,
“കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി!” എന്നല്ലേ പഴേ ആള്‍ക്കാരു പറയുന്നത് ।”

“അതെന്നാ ചാച്ചാ? ഡൈസിക്ക് കാര്യം മനസിലായില്ല।

“ഇന്നാളു സമരമാന്നുപറഞ്ഞ് ഒരു വാര്‍ഡിലെ മുഴുവനും രോഗികളേയും
ഡോക്ടര്‍മാരു കൂടും കുടുക്കേം എടുപ്പിച്ച് ഓടിച്ചില്ലേ?
ഒരു മനസാക്ഷിയും ഇല്ലായിരുന്നല്ലോ അത് ചെയ്തവന്മാര്‍ക്ക്,
അപ്പോപ്പിന്നെ അവരുടെ കീഴുദ്യോഗസ്ഥന്മാരു ഇത്രേം എങ്കിലും ദ്രോഹം
പാവപ്പെട്ടവനോടു കാണിക്കേണ്ടേ?”

“ ചാച്ചാ, നമ്മളീ പത്രവാര്‍ത്തയും വായിച്ച് ചിരിച്ചോണ്ടിരുന്നാ മതിയോ?
നമ്മളാല്‍പറ്റുന്നതു ചെയ്യേണ്ടേ?”
ബെറ്റിക്ക് ധാര്‍മ്മികരോഷം അടങ്ങുന്നില്ല

“ഇതില്‍ നമ്മളെന്നാ ചെയ്യാനാടീ?”
ഇതില്‍ എന്തുചെയ്യണമെന്നാണു ബെറ്റി പറഞ്ഞുവരുന്നതെന്ന് ചാക്കോച്ചനു മനസ്സിലായില്ല।

“പഴയ ചെരിപ്പുമാലയുമിടീച്ച് പൊതുവിചാരണ നടത്തുന്ന പാര്‍ട്ടികളേ
ഒന്നും കുറേ നാളായിട്ട് കാണാനുമില്ലല്ലോ?” ഡൈസി ചോദിച്ചു

“അത് സ്പോണ്‍സര്‍മാരേ കിട്ടാഞ്ഞിട്ടായിരിക്കും, നമുക്കൊന്നാലോചിക്കണോ?”
തോമസുകുട്ടി ഡൈസിയേ കളിയാക്കി

“പൊതുവിചാരണ ഒരിക്കലും ശരിയല്ല।
അങ്ങിനെ ഒക്കെ ഗുണ്ടായിസം കാണിക്കുന്നവന്മാരെ
മുക്കാലിയേല്‍ കെട്ടി അടിക്കുകയാ വേണ്ടത് ।”
നിയമവിരുദ്ധമായ കാര്യങ്ങളേ വാക്കുകൊണ്ടുപോലും
ഒരിക്കലും ബെറ്റി അനുകൂലിക്കില്ല
അതാണവളുടെ സ്വഭാവം

“പിന്നെ എന്നാടീ ചെയ്യേണ്ടേ?” കുഞ്ഞൂഞ്ഞമ്മക്കും ബെറ്റിയുടെ ചിന്തകള്‍ മനസിലായില്ല

“അമ്മച്ചീ, പത്രത്തില്‍ പറയുന്നത് കാര്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് നമ്മള്‍ മറക്കരുത് ആശുപത്രിക്കാര്‍ക്കു തീര്‍ച്ചയായും കൂടുതലായെന്തെങ്കിലും പറയാനുണ്ടാകും
അതൊന്നും ഈ മാധ്യമ സിന്‍ഡിക്കേറ്റ് ഒരിക്കലും നമ്മളോട് പറയണമെന്നില്ല
അതുകൊണ്ട് നമുക്ക് വിവരാവകാശനിയമപ്രകാരം ഒരു കത്തു കൊടുക്കാം
ഈ പറയുന്ന എടുത്താ ശരിയാകുകേലാത്ത യന്ത്രം എന്നു വാങ്ങി?
എത്ര തവണ ഉപയോഗിച്ചു?
എന്നാണു അവസാനം ഉപയോഗിച്ചത്?
എന്താണതിന്റെ കേട്?
എന്തുകൊണ്ട് നന്നാക്കുന്നില്ല?
അങ്ങിനെ നമുക്കറിയേണ്ട കാര്യങ്ങളെല്ലാം ആധികാരികമായി മനസിലാക്കണം
അല്ലാതെ പത്രങ്ങളില്‍ എന്തെങ്കിലും കണ്ടെന്നുവെച്ച്
നാം ആരേയും കുറ്റക്കാരെന്ന് വിധിക്കരുത്।”
ബെറ്റിക്ക് ന്യായമല്ലാത്തതിന്റെ കൂടെ നില്‍ക്കാനാവില്ല,
അത് അവള്‍ എപ്പോഴും പ്രകടിപ്പിക്കുകയും ചെയ്യും।

“എടീ എനിക്കൊരു സംശയം,
ഈ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാന്‍ എല്ലാവരും ബാദ്ധ്യസ്തരാണോ?”
ചാക്കോച്ചന്റെ ചോദ്യം
“നിങ്ങള്‍ക്ക് ഇപ്പോള്‍ ഉള്ള വിവരം ഒക്കെപ്പോരേ? ഇനീം വേണോ?
ചാക്കോച്ചനെ ഒന്നു കൊച്ചാക്കാനുള്ള അവസരം കുഞ്ഞൂഞ്ഞമ്മ ഗോളാക്കി

“എനിക്കുമാത്രം വേണ്ടീട്ടല്ലടീ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടീട്ടാ ,
എന്റെ അമ്മായി അപ്പന്‍ കൂട്ടുങ്കല്‍ കുര്യാപ്പിച്ചേട്ടന്‍പഴയ സ്ത്രീധനക്കാശിന്റെ ബാക്കി
എന്നുതരുമെന്ന് ഈ നിയമപ്രകാരം എങ്കിലും വിവരം കിട്ടുമോ എന്നറിയാനാ!”
ചാക്കോച്ചനും തിരിച്ചൊന്നു വച്ചു

“ഇതിയാനെന്നാത്തിന്റെ സൂക്കേടാ, എന്നാ പറഞ്ഞുതുടങ്ങിയാലും അവസാനം
എന്റെ അപ്പനേ പറയാതെ മേലാ,നിങ്ങള്‍ എന്നാവേണേ കാണീര്,എനിക്കെന്നാ കോപ്പാ‍ ”
കുഞ്ഞൂഞ്ഞമ്മ ചവിട്ടിക്കുതിച്ച് അടുക്കളേലോട്ടുപോയി
തോമസുകുട്ടി പൊട്ടിച്ചിരിച്ചു
ബെറ്റിയും ഡൈസിയും കൂട്ടത്തില്‍ കൂടി.

Sunday, 20 April 2008

ചെങ്ങറ മോഡല്‍ ഇലവുംകുന്നേലും

“എടീ കുഞ്ഞൂഞ്ഞമ്മേ, നിനക്ക് മരത്തേകയറാന്‍ അറിയാമോടീ?”

ചാക്കോച്ചന്‍ പത്രം വായനക്കിടെ വിളിച്ചുചോദിച്ചത് കുഞ്ഞൂഞ്ഞമ്മ

കേട്ടില്ലന്നു നടിച്ചു.

“ഇതെന്നാ അമ്മച്ചിയാണോ മരത്തേല്‍ കേറുന്നത് ഈ ചാച്ചനിതെന്നാ പറ്റി?”
ബെറ്റി അടുക്കളയില്‍നിന്നും പുറത്തേക്ക് തലനീട്ടി.
“ മരത്തേല്‍ ഞാന്‍ കേറണോ ചാച്ചാ?”
തോമസുകുട്ടിയുടെ ചോദ്യം കട്ടിലില്‍ കിടന്നുകൊണ്ടായിരുന്നു.
“നീ പനേലൊന്നും വലിഞ്ഞുകേറണ്ടടാ ചെറുക്കാ .”
കുഞ്ഞൂഞ്ഞമ്മ തിണ്ണയിലേക്കുവന്നു.
“ ഇതിയാനുവേണേല്‍ ആ ചെത്തുകാരന്‍ വരുമ്പോ വാങ്ങിച്ചു കുടിക്കട്ടേ.”
“എനിക്ക് കള്ളു കുടിക്കാനൊന്നും അല്ലടീ, കിട്ടാനുള്ള കുറച്ചുകാശു കിട്ടാന്‍
വഴിയുണ്ടോന്നറിയാനല്ലേ ഞാന്‍ ചോദിച്ചത് .”
ചാക്കോച്ചന്‍ പത്രം താഴെ വച്ചു .
“ഈ അമ്മച്ചി മരത്തേ കേറിയാലെങ്ങനെയാ ചാച്ചാ പൈസ കിട്ടുന്നേ?”
ഡൈസിക്ക് കാര്യം പിടികിട്ടിയില്ല
“എടീ ഈ പത്രത്തില്‍ കണ്ടില്ലേ, ചെങ്ങറയില്‍ ഇവളേപ്പോലെ ഉള്ള
പെണ്ണുങ്ങളു മരത്തില്‍ കയറി കഴുത്തേല്‍കുടുക്കും ഇട്ട് ചാടുമെന്നു
പറഞ്ഞപ്പോള്‍ സ്ഥലം ഒഴിപ്പിക്കാന്‍ വന്നവരിട്ടിട്ട്പോയന്ന് , ഇവിടേം
ഉണ്ടല്ലോ ഇതുപോലെ ഒരുത്തി വല്ല പ്രയോജനവും ഉണ്ടോ ?”
ചെങ്ങറയില്‍ ആരാണ്ടങ്ങിനെ ചെയ്തതിനു ഈ അമ്മച്ചിയേ എന്തിനാ ചീത്ത
വിളിക്കുന്നേ ?”
ബെറ്റിമോളും തിണ്ണയിലേക്കുവന്നു
“എടീ ഞാന്‍ ചത്താ ഇതിയാനു കൂടുതല്‍ സ്ത്രീധനോം വാങ്ങിച്ച് കെട്ടാമല്ലോ ?
എന്നാലേ ആ പൂതിയങ്ങു മനസ്സില്‍ വച്ചോണ്ടാ മതി കേട്ടോ, പിള്ളേരു
കേക്കുന്നുണ്ടെന്നൊന്നും വിചാരിക്കുകേല ഞാന്‍ വല്ലോം പറഞ്ഞു പോകും”
കുഞ്ഞൂഞ്ഞമ്മ കൈയ്യിലിരുന്ന ചട്ടുകം വലിച്ച് ഒരേറുകൊടുത്തു
“എടീ ഞാന്‍ രണ്ടാം കെട്ടിന്റെ കാര്യമൊന്നുമല്ല പറഞ്ഞു വരുന്നത്
ആദ്യകെട്ടിന്റെ കാര്യം തന്നെയാ. ബെറ്റിയേ കെട്ടിക്കാറായി .എന്നിട്ടും നിന്നേ
ഞാന്‍ കെട്ടിയപ്പോള്‍ നിന്റെ അപ്പന്‍ എനിക്കു തരാമെന്നുപറഞ്ഞ സ്ത്രീധന
ക്കാശിന്റെ ബാക്കി തന്നിട്ടില്ലല്ലോ.അതു വാങ്ങിച്ചെടുക്കാനായിട്ടിനി ഇങ്ങിനെ
വല്ലോം ചെയ്യ്താലെന്നാന്നാ ഞാന്‍ ആലോചിക്കുന്നത് .”
സ്ത്രീധനക്കാശിന്റെ ബാക്കിയേപ്പറ്റി പറഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞമ്മയുടെ മുഖം
കടന്നലുകുത്തിയപോലെ ആയി .
“തന്നില്ലേല്‍ കണക്കായിപ്പോയി, എന്റെ അപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിത്തന്ന
കാശ് ആ എല്‍സമ്മ കൊണ്ടുപോയി തിന്നതല്ലാതെഎനിക്ക് ഒരു ചട്ടേം മുണ്ടും
വാങ്ങാന്‍ പോലുംകിട്ടിയില്ല .ഇവളൊന്നും ഗുണം പിടിക്കാന്‍ പോണില്ല .”
കുഞ്ഞൂഞ്ഞമ്മ ചവിട്ടിക്കുതിച്ച് അടുക്കളയിലെക്കുപോയി .
സംഗതി ശരിയാണ്. കുര്യാപ്പി സ്ത്രീധനക്കാശിന്റെ ബാക്കി ഇരുപത്
കൊല്ലമായിട്ടും കൊടുത്തിട്ടുമില്ല കൊടുത്തകാശ് പെങ്ങളുപെണ്ണ് എല്‍സമ്മയേ
കെട്ടിക്കാന്‍ ചാക്കോച്ചന്‍ കൊടുക്കുകയും ചെയ്തതാണ്.
“ആത്മഹത്യാശ്രമം കുറ്റമല്ലേ?അപ്പോപ്പിന്നെ ഈ പെണ്ണുങ്ങളേ
എന്താ പോലീസു പിടിക്കാഞ്ഞേ?
ഡൈസിമോള്‍ പത്രം എടുത്തു നോക്കിയിട്ടു ചോദിച്ചു .
“അറസ്റ്റ് ചെയ്യുകേം ഒന്നും വേണ്ടായിരു ന്നെടീ പിടിച്ചുനിര്‍ത്തി ചൂരല്‍കൊണ്ട്
ഈരണ്ടുകൊടുത്തിരുന്നേല്‍ മതിയായിരുന്നു അതില്ലാത്തതുകൊണ്ടല്ലേ
കൈയ്യേറിയ സ്ഥലത്തു നിന്നും ഒഴിയാന്‍പറയുമ്പോള്‍ ഇത്തരം അഭ്യാസം
കാണിക്കാന്‍ തോന്നുന്നേ ഈ ഒഴുപ്പിക്കാന്‍ വന്നവരു ചെയ്തതും ശരിയല്ല
ചാടണ്ടവരോടു ചാടിക്കൊള്ളാന്‍ പറയണമായിരുന്നു ഒരുത്തീം
ചാടുകേല, ഇതു മുഴുവനും അഭ്യാസമല്ലേ ?”
ബെറ്റിമോള്‍ക്ക് ഈ സമരരീതി ഒട്ടുംപിടിച്ചില്ല.
നിയമങ്ങള്‍പാലിക്കപ്പെടണമെന്ന് വാശിയുള്ളവളാണു ബെറ്റി.
“ചാച്ചാ അമ്മച്ചിക്കുപറ്റുകേലേല്‍ വേണ്ടാ,ചാച്ചനുപറ്റിയ സമരമുറയുമുണ്ടല്ലോ
ഇതില്‍,പെണ്ണുങ്ങള്‍ മരത്തില്‍ കയറിയപ്പോള്‍ ആണുങ്ങള്‍ മണ്ണെണ്ണ
ജാറുകളുമായി ചാകുമെന്നുപറഞ്ഞ് വന്നത് കണ്ടില്ലേ?”
ഡൈസി അങ്ങിനെ പറഞ്ഞപ്പോള്‍ കുഞ്ഞൂഞ്ഞമ്മ തേച്ചോണ്ടിരുന്ന
കരിക്കലവുമായി തിണ്ണയിലോട്ടുകയറി.
“എടീ ബെറ്റീ നീ കുറച്ചു മണ്ണെണ്ണ ഒരു കുപ്പീലാക്കി ഇതിയാനു കൊടുത്തു
വിടടീ . അതുംകൊണ്ടുപോയി സ്ത്രീധനം വാങ്ങിക്കുന്നേ വാങ്ങിക്കട്ടേ !!”
കുഞ്ഞൂഞ്ഞമ്മക്ക് കെട്ടിയോനെ അടിക്കാന്‍ ഒരു വടി കിട്ടിയതിന്റെ
സന്തോഷം .
“കുപ്പീല്‍ വേണ്ടടീ ജാറില്‍ത്തന്നെ മതി കുപ്പികണ്ടാല്‍
കൂട്ടുങ്കല്‍ കുര്യാപ്പി അപ്പഴേ പിടിച്ചു മേടിച്ച് വിഴുങ്ങും !”
അമ്മായിഅപ്പനിട്ട് ഒന്നു താങ്ങാന്‍ കിട്ടിയ അവസരം
ചാക്കോച്ചനും പാഴാക്കിയില്ല. അതുകേട്ട് തോമസ്സ് കുട്ടിപൊട്ടിച്ചിരിച്ചു.
കുഞ്ഞൂഞ്ഞമ്മ കൈയ്യിലിരുന്ന കരിക്കലംവച്ച് അവനിട്ട്
ഒരേറുവച്ചുകൊടുത്തു.

Wednesday, 29 August 2007

ചിക്കന്‍ ഗുനിയാ മദ്യദുരന്തം!!

"ഒരു ഹിന്ദു, ഒരു ക്രിസ്ത്യാനി, ഒരു മുസ്ലീം!കൊള്ളാം !!

ഇനി ആര്‍ക്കും പരാതി കാണുകേല അവരുടെ പ്രതിനിധിയില്ലന്ന്,

മാതാവ് അറിഞ്ഞുതന്നെ ചെയ്തിട്ടുണ്ടല്ലോ." കുഞ്ഞൂഞ്ഞമ്മയുടെ ആത്മഗതം.

" എന്നാടീ പത്രത്തില്‍ ഇത്രകാര്യമായിട്ട്?" ഞാന്‍ വിളിച്ചു ചോദിച്ചു .

" നിങ്ങക്ക് കണ്ണുകാണാമോ മനുഷേനേ?" ഒരുമറുചോദ്യമായിരുന്നു തിരിച്ച്.

" അതെന്നാടീ അത്രക്ക് കെളവനായോ ഞാന്‍?"

" അല്ല, ഇന്നലെ ഓണാഘോഷമല്ലായിരുന്നോ? അതുകൊണ്ട് ചോദിച്ചതാ.

കൊല്ലത്ത് ഘോഷിച്ചവരുടെ വിശേഷമാ ഞാന്‍ ഇപ്പോ വായിച്ചേ.

മൂന്നെണ്ണം ചത്തു. എത്രയെണ്ണത്തിന്റെ കണ്ണുപോയെന്ന്

പാറേമാതാവിനറിയാം.”

ഞാന്‍ പത്രം മറിച്ചുനോക്കി.വ്യാജമദ്യം കഴിച്ച് മൂന്നു മരണം.

“കാശുകൊടുത്ത് കടിക്കുന്ന പട്ടിയേ മേടിക്കുക എന്നു പറഞ്ഞുകേട്ടിട്ടേ ഉള്ളൂ.”

“ അതിനുചാച്ചാ, ഇത് കാശുകൊടുത്ത് വാങ്ങിയതല്ലല്ലോ? ബോണസ്സല്ലേ .”

ബെറ്റിമോള്‍ ചോദിച്ചപ്പോഴാണു ഞാന്‍ അത് ശ്രദ്ധിച്ചത്.

സ്ഥിരം കുടിയന്മാര്‍ക്ക് ബോണസ്സ്.. സംഗതികൊള്ളാമല്ലോ .

“ നിങ്ങളേപ്പോലുള്ളവരല്ലേ, ഓസ്സില്‍ കിട്ടിയാല്‍ ആസിഡും കുടിക്കും.”

കുഞ്ഞൂഞ്ഞമ്മ എനിക്കിട്ട് ഒരു തോണ്ട് തോണ്ടി.

“നീ ആ ഫോണെടുത്ത് നിന്റെ വീട്ടിലോട്ട് ഒന്നു വിളിക്ക്.

എന്റെ അമ്മായിഅപ്പന്റെ കണ്ണുഫ്യൂസ്സായോ എന്നൊന്നറിയണ്ടേ?” ഞാനും

വിട്ടില്ല.

“ചാച്ചനു രാവിലേ തുടങ്ങി. കൂട്ടുങ്കല്‍ കുര്യാപ്പിയെ കുത്താന്‍.” ഡൈസി മോള്‍

ഇടപെട്ടു. കുഞ്ഞൂഞ്ഞമ്മ മോന്തവീര്‍പ്പിച്ച് ചവിട്ടിക്കുതിച്ച് അടുക്കളയിലേക്ക്

പോയി .

“ ചാച്ചാ ഒരുപാട് പുതിയസ്കീമുകള്‍ ഈ ഷാപ്പിലുണ്ട്.” തോമസ്കുട്ടിപത്രം

നോക്കി വായിച്ചു. “പുതിയകുടിയന്മാരേ എത്തിക്കുന്നവര്‍ക്ക് പ്രത്യേക

സമ്മാനം!

സ്ഥിരം കുടിയന്മാര്‍ക്ക് ഉല്‍സവ ബോണസ്സ് !!

ചാച്ചാ, നമ്മളു മലയാളികളുടെ എടപാടെല്ലാം ഇങ്ങിനെയാ,

പക്ഷിപ്പനിവന്നപ്പോ എല്ലാവനും കോഴി ഇറച്ചിയും മുട്ടയും തിന്നണ്ടാ എന്ന്

തീരുമാനിച്ചു. അപ്പോഴല്ലേ സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ സൗജന്യമായി

ഓംലറ്റ് കൊടുത്തത്. എല്ലാവനും പോയി മൂക്കുമുട്ടെ തിന്നുകേം, ചെയ്തു, പാഴ്സല്‍

കൊണ്ടുപോകുകേം ചെയ്തു. അതാ അമ്മച്ചി പറഞ്ഞത് ഓസ്സില്‍ കിട്ടിയാല്‍

ആസിഡും കുടിക്കും എന്ന്!! മനസ്സിലായോ?”

ബെറ്റിമോള്‍ കാര്യം അടിസ്ഥാനപരമായി വിശദീകരിച്ചു.

“ അങ്ങിനെ അങ്ങോട്ടു പറഞ്ഞുകൊടുക്കെടീ പെണ്ണേ.

അതിയാന്റെ തലമണ്ടേലോട്ട് വല്ല വിവരവും കേറട്ടേ.”

അടുക്കളേന്ന് ഒരാക്രമണം. കൂട്ടുങ്കല്‍ കുര്യാപ്പിക്കിട്ട് ഞാന്‍ കുത്തുന്നതു

കുഞ്ഞൂഞ്ഞമ്മക്ക് ഭയങ്കര കലിയാണ്.

“ഈ നാട്ടില്‍ ആരോഗ്യ വകുപ്പ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചിരുന്നേല്‍

ഇതൊന്നും വരികേലായിരുന്നു“ ബെറ്റി ആ പറഞ്ഞത് എനിക്ക്

മനസ്സിലായില്ല.

“ എടീ ആരോഗ്യവകുപ്പല്ല എക്സൈസ് വകുപ്പാ ഇതൊക്കെ നോക്കുന്നത്.

പിന്നെ നീ എന്നാ തിരിച്ച് പറയുന്നേ?” കുഞ്ഞൂഞ്ഞമ്മക്കും അതേ സംശയം.

“ അമ്മച്ചീ അതെനിക്കറിയാം. കള്ളുഷാപ്പില്‍ കൊടുക്കണേ കള്ളു

ചെത്തെണ്ടേ?

അതിനു പനയുടെ മോളില്‍ കയറണ്ടേ? അതിനു പറ്റിയവര്‍ ആരാ ഉള്ളത് ?”

ബെറ്റി ചോദിച്ചപ്പോള്‍ എനിക്ക് വീണ്ടും കണ്‍ഫ്യൂഷന്‍!

“ അതിനു ഈ നാട്ടിലെ ചെത്തുകാരെല്ലാം എന്നാ ചന്ദ്രനിലേക്ക് പോയോ?”

“ ആരും പോയിട്ടൊന്നുമില്ല. ചാച്ചന്‍ ചിക്കന്‍ ഗുനിയായുടെ കാര്യം

മറന്നുപോയോ?

പനേല്‍ കേറാന്‍ പോയിട്ട് നേരേ ചൊവ്വേ നടക്കാന്‍ പറ്റുന്നില്ലല്ലോ

ഒരുത്തനും.

പിന്നെങ്ങനെ കള്ളുചെത്തും? അപ്പോപ്പിന്നെ ഷാപ്പില്‍ വ്യാജനല്ലേ
കൊടുക്കാന്‍ പറ്റൂ.”

“ ശരിയാണല്ലോ മോളേ, അപ്പോപ്പിന്നെ ചത്തുപോയവര്‍ക്ക് ചിക്കന്‍

ഗുനിയായുടെ കണക്കില്‍ പെടുത്തി നഷ്ടപരിഹാരവും കൊടുക്കാം അല്ലേ ?

“ ചുരുക്കത്തില്‍ ചിക്കന്‍ ഗുനിയായുടെ അനന്തര ഫലം മദ്യദുരന്തം!!

ഷാപ്പുകാരനു ഗോതമ്പുണ്ട തിന്നേണ്ട കാര്യം ഇല്ല. നന്നായി.”

തോമസ്സ്കുട്ടി പൊട്ടിച്ചിരിച്ചു.ഞങ്ങളും കൂടെ ചിരിച്ചു.

Sunday, 1 July 2007

കുഞ്ഞൂഞ്ഞമ്മയും മരപ്രഭുവും.

" ഇത് കലാപരിപാടി കലക്കി."

ഞാന്‍ പത്രം വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷം മറച്ചുവച്ചില്ല .

പൊട്ടിപ്പൊട്ടിച്ചിരിച്ചു. "അപ്പച്ചനിതെന്നാപറ്റി ?"

ഡൈസിമോള്‍പാഠപുസ്തകത്തില്‍ നിന്നും തലപൊക്കി.

" ഈ പത്രത്തില്‍ കണ്ടില്ലേടീ, ഒരു മന്ത്രവും പഠിക്കാതെയാ തന്ത്രി

ഇത്രയും നാളും പച്ചരിക്കൊള്ള വകയൊണ്ടാക്കിക്കൊണ്ടിരുന്നേന്ന് .


ചിരിക്കാതിരിക്കാന്‍ പറ്റുമോ ."

ചിരികേട്ട് പിള്ളേരെല്ലാം ചുറ്റും കൂടി.

" ഇതെങ്ങനാ ചാച്ചനറിഞ്ഞേ?" തോമസ്സുകുട്ടിചോദിച്ചു .

"എടാ ഇത്രേം നാളും പുള്ളിക്കാരന്‍ നല്ലഫോമില്‍ വിലസുകയായിരുന്നു. ഇപ്പോള്‍ ഒരു

പണിയറിയാവുന്ന ഒരു വലിയ തന്ത്രി വന്നു പരീക്ഷയിട്ടു .ഗണപതിയുടെ നാളേതാ ?

ഭാഗ്യസൂക്തം അറിയാമോ ?എന്നുള്ള ചോദ്യത്തിനെല്ലാം തന്ത്രി മിടുക്കനായിട്ട് ഉത്തരവും

എഴുതി .

‘അറിയാന്‍ മേലന്ന് ’ കൊള്ളാം മിടുമിടുക്കന്‍!!

“ അപ്പം ചാച്ചാ ,നമ്മുടെ അച്ചന്മാര്‍ക്കും ഇനി ഇങ്ങനെ പരീക്ഷയുണ്ടാകുമോ?”

ബെറ്റിമോള്‍ സംശയം മറച്ചുവച്ചില്ല .

“ അതെന്നാടീ അങ്ങിനേ ഒരു ചോദ്യം? തന്ത്രിക്കല്ലാതെ പള്ളീലച്ചനു പരീക്ഷയിടാന്‍ ‍

ആര്‍ക്കാടീ ധൈര്യം ? ഇനി വന്നാലെന്നാ? നമ്മുക്ക് പ്രാര്‍ത്ഥനഎല്ലാം പുസ്തകം നോക്കി

വായിച്ചാല്‍പ്പോരേ? നൂറില്‍ നൂറുമാര്‍ക്കും സുഖമായിട്ടു വാങ്ങാമല്ലോ.”

“രാവിലേവേറേ തൊഴിലൊന്നുമില്ലേ മനുഷേനേ ? ഈ പരദൂഷണം ഒന്നു നിര്‍ത്തമോ!”


കുഞ്ഞൂഞ്ഞമ്മയുടെ അരിശം എന്തിനാണന്ന് എനിക്കും പിള്ളേര്‍ക്കും മനസ്സിലായില്ല

“ഒരു ചോദ്യംചോദിക്കലും മാര്‍ക്ക് ഇടീലും അത് പൊക്കിപ്പിടിച്ച് ഒരു നല്ല മനുഷ്യനേ

ദുഷിക്കാന്‍ ഇവിടെ ക്കൊറേപ്പേരും.”

“നീയെപ്പോഴാടീ കുഞ്ഞൂഞ്ഞരരു ആയത് .” ഞാന്‍ അമര്‍ഷം മറച്ചു വച്ചില്ല.

കുഞ്ഞൂഞ്ഞമ്മയും വിട്ടുകൊടുത്തില്ല .

“ഞാന്‍ ചോദിക്കട്ടേമനുഷേനേ, പള്ളീലും അമ്പലത്തിലും കുര്‍ബാനേം പൂജേമൊക്കെ

നടത്തുന്നവര്‍ക്ക് ഭക്തിയൊണ്ടോന്നല്ലേ പരീക്ഷിക്കേണ്ടത് ?അല്ലാതെ പത്താം ക്ലാസിലെ

പരീക്ഷക്ക് ഒള്ള ചോദ്യം പോലെ ആ ദൈവത്തിന്റെ നാളേതാ ഈ മന്ത്രം കാണാതെ

പാടിക്കേപ്പിക്ക് എന്ന രീതിയില്‍ ആണോ വേണ്ടത് ? കാണാതറിയത്തില്ലങ്കിലത് പുസ്തകം

നോക്കി വായിച്ചാല്‍പ്പോരേ? നമ്മുടെഅച്ചന്മാരുപുസ്തകം നോക്കിവായിച്ചിട്ട്

കര്‍ത്താവീശോമിശിഖാ ഇതുവരെ ചീത്തയൊന്നും വിളിച്ചിട്ടില്ലല്ലോ?

പിന്നെ കിഴക്കേലേ ചെല്ലമ്മചേച്ചി ഇന്നാളൊരു കഥപറഞ്ഞില്ലേ ?

അവരുടെ ഗുരുവായൂരു ഭക്തിയൊള്ള ഒരു മനുഷ്യന്‍ പത്മനാഭോ അമരപ്രഭോ

എന്നൊള്ളതിനുപകരം പത്മനാഭോ മരപ്രഭോ എന്നുപറഞ്ഞപ്പോള്‍ ഇതുപോലെ

കൊറേമഹാന്മാരു പുഛിച്ചു ചിരിച്ചു. അപ്പോള്‍ ആകാശത്തൂന്ന് ഞാന്‍

അമരപ്രഭുവെന്നപോലെ മരപ്രഭുവും ആകുന്നൂ എന്ന് ദൈവം പറഞ്ഞെന്ന് .അപ്പോ

അവരുടെ ദൈവത്തിനു ഈ മന്ത്രം കാണാതെ പഠിച്ചില്ലന്നുവച്ച് കൊഴപ്പം ഒന്നും ഇല്ലന്ന്

തന്നെ അല്ലേ ?

“അപ്പം മനസ്സില്‍ ഭക്തിയുണ്ടെങ്കില്‍ സിനിമാപ്പാട്ട് പാടിപ്പൂജിച്ചാലും ഗുണം കിട്ടുമെന്നാണോ
നീ പറഞ്ഞുവരുന്നത് ?” ഞാന്‍ ചോദിച്ചു.

“ അതു തന്നെ! പിന്നെ എന്നാ കൃത്യമായിട്ട് മന്ത്രം കാണാതെ പഠിച്ചാലും ഭക്തി മനസ്സില്‍


ഇല്ലങ്കില്‍ ഒരു ഗുണോം കിട്ടുകേയും ഇല്ല .”

കുഞ്ഞൂഞ്ഞമ്മക്ക് സംശയം ഒട്ടും ഉണ്ടായിരുന്നില്ല

Wednesday, 6 June 2007

ദേവസ്വം നടപടികളില്‍ കുഞ്ഞൂഞ്ഞമ്മക്ക് അമര്‍ഷം.

"ഈ ദേവസ്വം ബോര്‍ഡിന്റെ ജെ സി ബി യും മൂന്നാറിനു കൊണ്ടുപോയോ?"

കുഞ്ഞൂഞ്ഞമ്മക്ക്സംശയം.

" അതെന്നാ അമ്മച്ചീ?"

ഡെയിസിമോള്‍ പാഠപുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി.

"അല്ലടീ ദേവസ്വം പ്രസിഡന്റ് മെമ്പര്‍മ്മാരുടെ മുറി താഴിട്ടുപൂട്ടീന്ന്.

എന്തിനാ അതിയാന്‍ ഈ ആവശ്യമില്ലാത്ത പണിക്കൊക്കെ പോകുന്നത് .

ജെ സി ബി കൊണ്ടുവന്ന് ആ മുറി അങ്ങോട്ട്

ഇടിച്ചുനിരത്തിയാപ്പോരായിരുന്നോ .

അതല്ലേ ഇപ്പോഴത്തെ ഫാഷന്‍?”

“അതെങ്ങനെയാ ശരിയാകുന്നതമ്മച്ചീ?” ബെറ്റി മോള്‍ ഇടക്കുകയറി.

“ഇവിടെ പ്രസിഡന്റല്ലേ കയ്യേറ്റക്കാരന്‍?

അയാളുടെ മുറിയല്ലേ ജെ സി ബികൊണ്ടുവന്ന് തകര്‍ക്കേണ്ടത്.”

“ അതെങ്കില്‍ അത്. ഏതേലും പൊളിച്ചു കളഞ്ഞാല്‍

മനുഷ്യനു അത്രക്ക് സമാധാനം കിട്ടും.

എന്നാലുമെടീബെറ്റീ,

പൂട്ടിയിടാന്‍ ആ മുറിക്കകത്തെന്നാ സ്വര്‍ണക്കട്ടിയോ മറ്റോ ഉണ്ടോ ?”

“സ്വര്‍ണക്കട്ടിയൊന്നുമല്ലടീ , ഇത് അതിലൊക്കെ കൂടിയതല്ലേ?”

ഞാനും കൂട്ടത്തില്‍ കൂടി.

“എടീ അമ്പലം വെള്ളപൂശാനും കെട്ടിടം പണിയാനുമൊക്കെയായി

വര്‍ഷം 20-25 കോടിരൂപയുടെ ഇടപാടല്ലേ മരാമത്ത് കമ്മറ്റിക്ക്

ചെയ്യാവുന്നത് .

പിന്നെ തര്‍ക്കം വരാതിരിക്കുമോ ?”

“ പണ്ട് നായരുപെണ്ണുങ്ങളു സമ്പന്ധം ഒഴിപ്പിക്കുന്നതു പോലായില്ലേ ഇത്?

ഏതായാലും തറ എടപാടായിപ്പോയി.”

കുഞ്ഞൂഞ്ഞമ്മ എണീറ്റു.

“ഞാനെങ്ങാനുമായിരിക്കണം. മുറിപൂട്ടിയവന്റെ

മേശപ്പുറത്തുകേറിയിരുന്നേനേ.”

എനിക്കതുകേട്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല.

കൂട്ടുങ്കല്‍ കുര്യാപ്പിയുടെ മകളല്ലേ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.

Sunday, 27 May 2007

കഥ പഴയതു തന്നെ

" എന്റെ മാതാവേ ഇതിയാന്മാര്‍ക്ക് എന്നാത്തിന്റെ സൂക്കേടാ.

മര്യാദക്ക് അവനവന്റെ പണിയും നോക്കിജീവിക്കാന്‍ മേലേ?”

കുഞ്ഞൂഞ്ഞമ്മ രാവിലേ ആരുടെ നേരെയാ കുതിരകേറാന്‍ പോകുന്നതെന്ന്

എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാകണം ഡൈസി മോള്‍ വിശദീകരിച്ചു.

“ചാച്ചന്‍ പേടിക്കേണ്ടാ,

അമ്മച്ചി ഇന്ന് സി ഐ ഡി വിജയന്റെ നേര്‍ക്കാണു മൂക്കുന്നത്.”

“ അല്ലാ രണ്ടെണ്ണത്തിനും നല്ല രണ്ട് കസേര കൊടുത്തിട്ടുണ്ടെല്ലോ,

അവിടെ ചെയ്യേണ്ടപണി ചെയ്യാതെ വെറുതേ വഴക്കൊണ്ടാക്കിക്കൊണ്ടു

നടക്കുന്നു.”

“ അതെന്നാന്നു ഞാന്‍ പറയാം.”

ബെറ്റിമോള്‍ ചിരിച്ചുകൊണ്ട് മംഗളം പത്രം കൈയിലെടുത്തിട്ട്അതിലെ

നേതാക്കളുടെ ചിത്രം കാണിച്ചു “ഇതുകണ്ടോ സി ഐ ഡി വിജയന്‍

മീശകളഞ്ഞു, വഴക്കും തുടങ്ങി.

സി ഐ ഡി വിജയന്‍ മീശവച്ചാല്‍ പിന്നെ വഴക്കില്ല.

സി ഐ ഡി വിജയന്‍ മീശകളഞ്ഞാല്‍ രണ്ടുംകൂടി വഴക്കായി.”

“അതു ശരിയാണല്ലോടീ.” കുഞ്ഞൂഞ്ഞമ്മക്ക് അത്ഭുതം.

“ ഈ പ്രതിഭാസത്തേ സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കും എന്നു

ശാസ്ത്രത്തില്‍ പറയും.അതായത് രണ്ട് മീശയില്ലാത്തവര്‍ക്ക് ഒരുമിച്ച്

പ്രവര്‍ത്തിക്കാന്‍ പറ്റില്ല.”

“ ഓ അതാ ഈ പെണ്ണുങ്ങളുതമ്മില്‍ എപ്പോഴുംവഴക്കിടുന്നതല്ലേ?”

തോമസുകുട്ടിയുടെ കമന്റ് കേട്ടിട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.

“ അമ്മച്ചീ മീശ ഒന്നുമല്ല കാര്യം.” ബെറ്റി പിന്നെയും ചിരിച്ചു.

“ഇവരുടെ ബോഡീ ലാംഗ്വേജ് വളരെ വ്യത്യാസം ഉണ്ട്.”

“ അതെന്നാടീ ബെറ്റീ ഈ ബോഡീ ലാംഗ്വേജ്?” കുഞ്ഞൂഞ്ഞമ്മക്ക് ഒന്നും

മനസ്സിലായില്ല.

ബെറ്റി വിശദീകരിച്ചു

“അമ്മച്ചീ നമ്മുടെയെല്ലാം ശരീരത്തിനു ഒരു ഭാഷയുണ്ട്.

അതിനാണു ബോഡീ ലാംഗ്വേജ് എന്നുപറയുന്നത്.

നമ്മുക്ക് നാക്കുകൊണ്ട് കള്ളം പറയാം

പക്ഷേ അപ്പോഴും നമ്മുടെ ശരീരചലനങ്ങള്‍ സത്യം വിളിച്ചുപറയും.

അല്‍പ്പം ശ്രമിച്ചാല്‍ നമുക്ക് ഇത് പഠിക്കാം .

പഠിച്ചാല്‍ ഓരോരുത്തരുടെയും മനസ്സിലിരിപ്പ് നമുക്ക് പെട്ടന്നുപിടികിട്ടും.

ഇവിടെ ഒരാളു സംസാരിക്കുമ്പോള്‍ തല അനങ്ങുകയേയില്ല,

ഒരാളു സംസാരിക്കുമ്പോള്‍ തല മാത്രമല്ല ശരീരം മൊത്തം ഇട്ടെളക്കും.

ഇങ്ങനെയുള്ളരണ്ടുപേരുടെ മനസ്സുകള്‍ തമ്മില്‍ വലിയ വ്യത്യാസമായിരിക്കും.
ഒരിക്കലും യോജിക്കാന്‍ പറ്റില്ല.

അല്ലേ ചാച്ചാ?” ബെറ്റി എന്നെ നോക്കി.

“ അതിയാനു കോപ്പാ അറിയാവുന്നത്.

വേറേവിവരമുള്ളവരോടു വല്ലോം ചോദിക്കെടീ പെണ്ണേ“കുഞ്ഞൂഞ്ഞമ്മ

അടുക്കളയിലോട്ടുനടന്നു.

എന്നലെ ഞാന്‍ കൂട്ടുങ്കല്‍ കുര്യാപ്പിയേ ചീത്തവിളിച്ചതിന്റെ

ബാക്കിയാണിതെന്നറിയാവുന്നതുകൊണ്ട്

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

എങ്കിലും പിള്ളേരു പറഞ്ഞതില്‍ കുറച്ച് എന്തെക്കെയോകാര്യം

ഉണ്ടെന്നെനിക്കും തോന്നി .

മുമ്പും ബോഡീ ലാംഗ്വേജ് വ്യത്യാസമുള്ളവര്‍ തമ്മില്‍ എന്നും

വഴക്കടിച്ചിരുന്നല്ലോ.

Wednesday, 23 May 2007

പുണ്യാഹ പ്രശ്നത്തില്‍ കുഞ്ഞൂഞ്ഞമ്മ നയം വ്യക്തമാക്കുന്നു

"എടീ കുഞ്ഞൂഞ്ഞമ്മേ

ഒരു രാഷ്ടീയക്കാരന്‍ കയറിയതിനു ശുദ്ധിവരുത്താന്‍ പുണ്യഹം തളിച്ചെന്ന്”

അത് കേട്ടതും കുഞ്ഞൂഞ്ഞമ്മതാടിക്കു കൈവച്ചുകൊണ്ടുപറഞ്ഞു.

“എന്റെ മാതാവേ പണ്ടൊക്കെ എരുമച്ചാണകമല്ലേ തളിച്ചിരുന്നത്,

ഇപ്പോള്‍പുണ്യാഹം.പരിഷ്കാരം പോയ ഒരു പോക്കേ”

“അമ്പലത്തിലാണോടീ എരുമച്ചാണകം? പോരെങ്കില്‍ ഇത് ഒരു


കേന്ദ്രമന്ത്രിയുടെ കാര്യവും”

എനിക്കു അരിശം വന്നു.

“എന്നാല്‍ കാര്യം നേരേചൊവ്വേ പറ മനുഷേനേ” കുഞ്ഞൂഞ്ഞമ്മ തിണ്ണേലോട്ടു


കയറി.

“എടീ ഗുരുവായൂരമ്പലത്തില്‍ വയലാര്‍ജി കുഞ്ഞിനു ചോറുകൊടുത്തിട്ടു പോയ

പുറകേ അമ്പലം അശുദ്ധമായന്നും പറഞ്ഞ് അവിടെയുള്ളവരു പുണ്യാഹം

നടത്തീന്ന്”

“അത്രേ യൊള്ളോ, അതിനെന്നാ,നടത്തെണ്ടവന്‍ നടത്തെട്ടേ മന്ത്രിക്കു


പൈസാ ചിലവൊന്നുമില്ലല്ലോ”

“ എടീ കൂട്ടുങ്കല്‍ കുര്യാപ്പി അങ്ങിനെ വിചാരിക്കും എന്നുവച്ച്

മാന്യന്മാര്‍ അങ്ങിനെയല്ല. അതാദ്യം മനസ്സിലാക്ക്”


കൂട്ടുങ്കല്‍ കുര്യാപ്പി കുഞ്ഞൂഞ്ഞമ്മയുടെ അപ്പനാണു.അതായത് എന്റെ


അമ്മായിഅപ്പന്‍.

കുഞ്ഞൂഞ്ഞമ്മ എന്നെ രൂക്ഷമായി ഒന്നു നോക്കി.

“കൂട്ടുങ്കല്‍ കുര്യാപ്പി അവിടെങ്ങാനും കിടക്കട്ടേ,

നിങ്ങള്‍ പറയുന്ന ഈ മാന്യവ്യക്തി പുണ്യാഹം തളിപ്പിക്കുന്നത് ഇത് ആദ്യം

ഒന്നും അല്ലല്ലോ.

പിന്നേം പിന്നേം എന്തിനാ അങ്ങിനെ ചെയ്യുന്നത്?

ഞാന്‍ ആ അമ്പലക്കാരെ കുറ്റം പറയുകേല. അവരു പുണ്യാഹം തളിച്ചാലും

അകത്ത് കേറാന്‍ സമ്മതിക്കുകേം ചോറുകൊടുപ്പിക്കുകേം ഒക്കെ ചെയ്തില്ലേ?


പിന്നെ സത്യ ക്രിസ്ത്യാനിയായ നിങ്ങളെന്തിനാ ഇന്നാളു

നിങ്ങളുടെ പെങ്ങളുവന്നിട്ടുപോയപ്പോള്‍ അവരുചവിട്ടിയമണ്ണും

പിന്നെ മുളകും ഉപ്പും എല്ലാംകൂടി കൂട്ടി അടുപ്പിലിട്ടത്?

അതുപോലെ ഉള്ള ഒരു കലാപരിപാടിയായി എതും അങ്ങു കൂട്ട്”

കുഞ്ഞൂഞ്ഞമ്മ ഞാന്‍ അവളുടെ അപ്പനു പറഞ്ഞതിന്റെ കോപത്തിലാണെന്നു

മനസ്സിലായെങ്കിലും ഞാന്‍ വിട്ടില്ല.

“എടീ നമ്മളു മാമ്മോദീസ മുങ്ങുന്നതുപോലെ ഒന്നും വേണ്ടാ ഹിന്ദുവാകാന്‍,

അപ്പോപ്പിന്നെ ഇത്രേം ഭക്തിയുള്ള അദ്ദേഹം ഹിന്ദുവല്ലന്നുപറയുന്നത്

ശരിയല്ല”

“ ഞാനൊന്നും പറയുന്നില്ലെന്റെ മനുഷ്യേനേ,

ഒരു സ്ഥലത്ത് ഒരുനിയമം ഉണ്ടെങ്കില്‍ അതുപാലിക്കണം.അത്

വലിയകുറ്റമൊന്നും അല്ല.

അതു ശരിയല്ലായെങ്കില്‍ മാറ്റണം അതിനല്ലേ മന്ത്രിക്ക് അധികാരം

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

കുഞ്ഞൂഞ്ഞമ്മ കൂട്ടുങ്കല്‍ കുര്യാപ്പി യുടെ മകളാണെങ്കിലും പറഞ്ഞത്

കാര്യമാണല്ലോ.

അതു വെറുതേ നിഷേധിക്കുവാന്‍ ഞാന്‍ ഒരു രാഷ്ട്രീയക്കാരനുമല്ലല്ലോ.

Saturday, 19 May 2007

സഖാവിന്റെ പൂച്ചകള്‍ക്കു കുഞ്ഞൂഞ്ഞമ്മയുടെ വക നെയ്മീന്‍.

മൂന്നാറില്‍ ഒന്നാംതരം കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പടം

രാവിലെ പത്രത്തില്‍കണ്ടിട്ട് എനിക്ക് സഹിച്ചില്ല.

എത്ര ലക്ഷം രൂപയാ ഇടിച്ച് പൊടിച്ച് കളയുന്നത്.

ഞാന്‍ എന്റെ പെമ്പിളേ വിളിച്ചു

“എടീ കുഞ്ഞൂഞ്ഞമ്മേ, നീയിതു കണ്ടില്ലേടീ,

ആ കിളവന്റെ പൂച്ചകള്‍ എന്തെല്ലാം ശല്യങ്ങളാ ചെയ്യുന്നത്”

“കിളവനോ? സഖാവെന്നു പറ”


അവളൊരു ചീറ്റല്‍. ഞാന്‍ ഞെട്ടിപ്പോയി.

ഇന്നലെ കിടന്നുറങ്ങാന്‍ നേരത്ത് എന്റെ പാര്‍ട്ടിക്കാരിയായിരുന്ന

ഇവള്‍ ഇപ്പോള്‍ സഖാവായോ?

എന്റെ മോന്തയുടെ മാറ്റം കണ്ടിട്ടാവണം അവള്‍ വിശദീകരിച്ചു.

“ ഇത് കാലുമാറ്റമൊന്നുമല്ല.എന്നാലും സഖാവു ചെയ്യുന്നത് കാണാതിരിക്കാന്‍


പറ്റില്ല.

ഇന്നാളു മുല്ലപ്പെരിയാറു കാര്യത്തില്‍ ടിവിയില്‍ കുറെ അവന്മാരു

അതു ചെയ്യും ഇതുചെയ്യും എന്നൊക്കെ വളു വളാന്നു പറഞ്ഞോണ്ട്

കവാത്തുനടത്തിയില്ലേ? എന്നിട്ട് അവരെന്നാ കോപ്പാ ചെയ്തത് ?

കമന്നപ്ലാവില മലത്തിയതായി പോലും ഞങ്ങളാരും കണ്ടില്ല.

അങ്ങിനെയാണോ മൂന്നാറിലെന്നു നോക്കിക്കേ

സഖാവു പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും. മനസ്സിലായോ?”

കുഞ്ഞൂഞ്ഞമ്മ വാശിയിലാണു. ഞാന്‍ വാപൊളിച്ചുപോയി.

ഇത്രയൊക്കെ ചരിത്രോം ഭൂമി ശാസ്ത്രവും ഇവളുമാരൊക്കെ പഠിച്ചോ?

“സഖാവിന്റെ പൂച്ചകള്‍ക്ക് ഞാന്‍ മീന്തലയല്ല,നെയ്മീന്‍ തന്നെ


മേടിച്ചുകൊടുക്കും.”

ഞാന്‍ വാ പൂട്ടി. ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍,

അവളു നെയ്മീനും വാങ്ങി മൂന്നാറിനു പോയാലോ?

പിന്നെ ഇവിടെ രാവിലേ കപ്പപ്പുഴുക്കും കഞ്ഞിയും ആരൊണ്ടാക്കും.

Friday, 18 May 2007

ഞങ്ങളേപ്പറ്റി.....!

ഞങ്ങള്‍ രാഷ്ടീയ ചിന്തകളില്‍ നിഷ്പക്ഷരൊന്നുമല്ല.

അദ്ധ്വാന വര്‍ഗസിദ്ധാന്തം ചോരയിലുള്ള

കേരളാ കോണ്‍ഗ്രസ്സുകാരാണു ഞങ്ങള്‍

മാണിസ്സാറിന്റെ ഉറച്ച അനുയായികള്‍.

പിന്നെ ഞങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും

മാണിസ്സാറിന്റെഅഭിപ്രായങ്ങളുമായി

മാറ്റമുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.

ഞങ്ങളുടെ നോട്ടത്തില്‍ ശരി അങ്ങിനെയാണു.

അതു ഞങ്ങള്‍ എവിടേയും പറയും.

അത് തന്റേടത്തോടെ പറഞ്ഞില്ലായെങ്കില്‍

ഞങ്ങള്‍ എന്തോന്ന് മീനച്ചില്‍ താലൂക്കുകാര്‍??

ഞങ്ങള്‍ റബ്ബര്‍ നടുമെങ്കിലും മനസ്സ് ഉറപ്പുള്ളതാ

കരിങ്കല്ലുപോലെ കേട്ടോ