"ഈ ദേവസ്വം ബോര്‍ഡിന്റെ ജെ സി ബി യും മൂന്നാറിനു കൊണ്ടുപോയോ?"
കുഞ്ഞൂഞ്ഞമ്മക്ക്സംശയം.
" അതെന്നാ അമ്മച്ചീ?"
ഡെയിസിമോള്‍ പാഠപുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി.
"അല്ലടീ ദേവസ്വം പ്രസിഡന്റ് മെമ്പര്‍മ്മാരുടെ മുറി താഴിട്ടുപൂട്ടീന്ന്.
എന്തിനാ അതിയാന്‍ ഈ ആവശ്യമില്ലാത്ത പണിക്കൊക്കെ പോകുന്നത് .
ജെ സി ബി കൊണ്ടുവന്ന് ആ മുറി അങ്ങോട്ട്
ഇടിച്ചുനിരത്തിയാപ്പോരായിരുന്നോ .
അതല്ലേ ഇപ്പോഴത്തെ ഫാഷന്‍?”
“അതെങ്ങനെയാ ശരിയാകുന്നതമ്മച്ചീ?” ബെറ്റി മോള്‍ ഇടക്കുകയറി.
“ഇവിടെ പ്രസിഡന്റല്ലേ കയ്യേറ്റക്കാരന്‍?
അയാളുടെ മുറിയല്ലേ ജെ സി ബികൊണ്ടുവന്ന് തകര്‍ക്കേണ്ടത്.”
“ അതെങ്കില്‍ അത്. ഏതേലും പൊളിച്ചു കളഞ്ഞാല്‍
മനുഷ്യനു അത്രക്ക് സമാധാനം കിട്ടും.
എന്നാലുമെടീബെറ്റീ,
പൂട്ടിയിടാന്‍ ആ മുറിക്കകത്തെന്നാ സ്വര്‍ണക്കട്ടിയോ മറ്റോ ഉണ്ടോ ?”
“സ്വര്‍ണക്കട്ടിയൊന്നുമല്ലടീ , ഇത് അതിലൊക്കെ കൂടിയതല്ലേ?”
ഞാനും കൂട്ടത്തില്‍ കൂടി.
“എടീ അമ്പലം വെള്ളപൂശാനും കെട്ടിടം പണിയാനുമൊക്കെയായി
വര്‍ഷം 20-25 കോടിരൂപയുടെ ഇടപാടല്ലേ മരാമത്ത് കമ്മറ്റിക്ക്
ചെയ്യാവുന്നത് .
പിന്നെ തര്‍ക്കം വരാതിരിക്കുമോ ?”
“ പണ്ട് നായരുപെണ്ണുങ്ങളു സമ്പന്ധം ഒഴിപ്പിക്കുന്നതു പോലായില്ലേ ഇത്?
ഏതായാലും തറ എടപാടായിപ്പോയി.”
കുഞ്ഞൂഞ്ഞമ്മ എണീറ്റു.
“ഞാനെങ്ങാനുമായിരിക്കണം. മുറിപൂട്ടിയവന്റെ
മേശപ്പുറത്തുകേറിയിരുന്നേനേ.”
എനിക്കതുകേട്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല.
കൂട്ടുങ്കല്‍ കുര്യാപ്പിയുടെ മകളല്ലേ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.