Sunday, 1 July, 2007

കുഞ്ഞൂഞ്ഞമ്മയും മരപ്രഭുവും.

" ഇത് കലാപരിപാടി കലക്കി."

ഞാന്‍ പത്രം വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷം മറച്ചുവച്ചില്ല .

പൊട്ടിപ്പൊട്ടിച്ചിരിച്ചു. "അപ്പച്ചനിതെന്നാപറ്റി ?"

ഡൈസിമോള്‍പാഠപുസ്തകത്തില്‍ നിന്നും തലപൊക്കി.

" ഈ പത്രത്തില്‍ കണ്ടില്ലേടീ, ഒരു മന്ത്രവും പഠിക്കാതെയാ തന്ത്രി

ഇത്രയും നാളും പച്ചരിക്കൊള്ള വകയൊണ്ടാക്കിക്കൊണ്ടിരുന്നേന്ന് .


ചിരിക്കാതിരിക്കാന്‍ പറ്റുമോ ."

ചിരികേട്ട് പിള്ളേരെല്ലാം ചുറ്റും കൂടി.

" ഇതെങ്ങനാ ചാച്ചനറിഞ്ഞേ?" തോമസ്സുകുട്ടിചോദിച്ചു .

"എടാ ഇത്രേം നാളും പുള്ളിക്കാരന്‍ നല്ലഫോമില്‍ വിലസുകയായിരുന്നു. ഇപ്പോള്‍ ഒരു

പണിയറിയാവുന്ന ഒരു വലിയ തന്ത്രി വന്നു പരീക്ഷയിട്ടു .ഗണപതിയുടെ നാളേതാ ?

ഭാഗ്യസൂക്തം അറിയാമോ ?എന്നുള്ള ചോദ്യത്തിനെല്ലാം തന്ത്രി മിടുക്കനായിട്ട് ഉത്തരവും

എഴുതി .

‘അറിയാന്‍ മേലന്ന് ’ കൊള്ളാം മിടുമിടുക്കന്‍!!

“ അപ്പം ചാച്ചാ ,നമ്മുടെ അച്ചന്മാര്‍ക്കും ഇനി ഇങ്ങനെ പരീക്ഷയുണ്ടാകുമോ?”

ബെറ്റിമോള്‍ സംശയം മറച്ചുവച്ചില്ല .

“ അതെന്നാടീ അങ്ങിനേ ഒരു ചോദ്യം? തന്ത്രിക്കല്ലാതെ പള്ളീലച്ചനു പരീക്ഷയിടാന്‍ ‍

ആര്‍ക്കാടീ ധൈര്യം ? ഇനി വന്നാലെന്നാ? നമ്മുക്ക് പ്രാര്‍ത്ഥനഎല്ലാം പുസ്തകം നോക്കി

വായിച്ചാല്‍പ്പോരേ? നൂറില്‍ നൂറുമാര്‍ക്കും സുഖമായിട്ടു വാങ്ങാമല്ലോ.”

“രാവിലേവേറേ തൊഴിലൊന്നുമില്ലേ മനുഷേനേ ? ഈ പരദൂഷണം ഒന്നു നിര്‍ത്തമോ!”


കുഞ്ഞൂഞ്ഞമ്മയുടെ അരിശം എന്തിനാണന്ന് എനിക്കും പിള്ളേര്‍ക്കും മനസ്സിലായില്ല

“ഒരു ചോദ്യംചോദിക്കലും മാര്‍ക്ക് ഇടീലും അത് പൊക്കിപ്പിടിച്ച് ഒരു നല്ല മനുഷ്യനേ

ദുഷിക്കാന്‍ ഇവിടെ ക്കൊറേപ്പേരും.”

“നീയെപ്പോഴാടീ കുഞ്ഞൂഞ്ഞരരു ആയത് .” ഞാന്‍ അമര്‍ഷം മറച്ചു വച്ചില്ല.

കുഞ്ഞൂഞ്ഞമ്മയും വിട്ടുകൊടുത്തില്ല .

“ഞാന്‍ ചോദിക്കട്ടേമനുഷേനേ, പള്ളീലും അമ്പലത്തിലും കുര്‍ബാനേം പൂജേമൊക്കെ

നടത്തുന്നവര്‍ക്ക് ഭക്തിയൊണ്ടോന്നല്ലേ പരീക്ഷിക്കേണ്ടത് ?അല്ലാതെ പത്താം ക്ലാസിലെ

പരീക്ഷക്ക് ഒള്ള ചോദ്യം പോലെ ആ ദൈവത്തിന്റെ നാളേതാ ഈ മന്ത്രം കാണാതെ

പാടിക്കേപ്പിക്ക് എന്ന രീതിയില്‍ ആണോ വേണ്ടത് ? കാണാതറിയത്തില്ലങ്കിലത് പുസ്തകം

നോക്കി വായിച്ചാല്‍പ്പോരേ? നമ്മുടെഅച്ചന്മാരുപുസ്തകം നോക്കിവായിച്ചിട്ട്

കര്‍ത്താവീശോമിശിഖാ ഇതുവരെ ചീത്തയൊന്നും വിളിച്ചിട്ടില്ലല്ലോ?

പിന്നെ കിഴക്കേലേ ചെല്ലമ്മചേച്ചി ഇന്നാളൊരു കഥപറഞ്ഞില്ലേ ?

അവരുടെ ഗുരുവായൂരു ഭക്തിയൊള്ള ഒരു മനുഷ്യന്‍ പത്മനാഭോ അമരപ്രഭോ

എന്നൊള്ളതിനുപകരം പത്മനാഭോ മരപ്രഭോ എന്നുപറഞ്ഞപ്പോള്‍ ഇതുപോലെ

കൊറേമഹാന്മാരു പുഛിച്ചു ചിരിച്ചു. അപ്പോള്‍ ആകാശത്തൂന്ന് ഞാന്‍

അമരപ്രഭുവെന്നപോലെ മരപ്രഭുവും ആകുന്നൂ എന്ന് ദൈവം പറഞ്ഞെന്ന് .അപ്പോ

അവരുടെ ദൈവത്തിനു ഈ മന്ത്രം കാണാതെ പഠിച്ചില്ലന്നുവച്ച് കൊഴപ്പം ഒന്നും ഇല്ലന്ന്

തന്നെ അല്ലേ ?

“അപ്പം മനസ്സില്‍ ഭക്തിയുണ്ടെങ്കില്‍ സിനിമാപ്പാട്ട് പാടിപ്പൂജിച്ചാലും ഗുണം കിട്ടുമെന്നാണോ
നീ പറഞ്ഞുവരുന്നത് ?” ഞാന്‍ ചോദിച്ചു.

“ അതു തന്നെ! പിന്നെ എന്നാ കൃത്യമായിട്ട് മന്ത്രം കാണാതെ പഠിച്ചാലും ഭക്തി മനസ്സില്‍


ഇല്ലങ്കില്‍ ഒരു ഗുണോം കിട്ടുകേയും ഇല്ല .”

കുഞ്ഞൂഞ്ഞമ്മക്ക് സംശയം ഒട്ടും ഉണ്ടായിരുന്നില്ല