Sunday 27 May, 2007

കഥ പഴയതു തന്നെ

" എന്റെ മാതാവേ ഇതിയാന്മാര്‍ക്ക് എന്നാത്തിന്റെ സൂക്കേടാ.

മര്യാദക്ക് അവനവന്റെ പണിയും നോക്കിജീവിക്കാന്‍ മേലേ?”

കുഞ്ഞൂഞ്ഞമ്മ രാവിലേ ആരുടെ നേരെയാ കുതിരകേറാന്‍ പോകുന്നതെന്ന്

എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാകണം ഡൈസി മോള്‍ വിശദീകരിച്ചു.

“ചാച്ചന്‍ പേടിക്കേണ്ടാ,

അമ്മച്ചി ഇന്ന് സി ഐ ഡി വിജയന്റെ നേര്‍ക്കാണു മൂക്കുന്നത്.”

“ അല്ലാ രണ്ടെണ്ണത്തിനും നല്ല രണ്ട് കസേര കൊടുത്തിട്ടുണ്ടെല്ലോ,

അവിടെ ചെയ്യേണ്ടപണി ചെയ്യാതെ വെറുതേ വഴക്കൊണ്ടാക്കിക്കൊണ്ടു

നടക്കുന്നു.”

“ അതെന്നാന്നു ഞാന്‍ പറയാം.”

ബെറ്റിമോള്‍ ചിരിച്ചുകൊണ്ട് മംഗളം പത്രം കൈയിലെടുത്തിട്ട്അതിലെ

നേതാക്കളുടെ ചിത്രം കാണിച്ചു “ഇതുകണ്ടോ സി ഐ ഡി വിജയന്‍

മീശകളഞ്ഞു, വഴക്കും തുടങ്ങി.

സി ഐ ഡി വിജയന്‍ മീശവച്ചാല്‍ പിന്നെ വഴക്കില്ല.

സി ഐ ഡി വിജയന്‍ മീശകളഞ്ഞാല്‍ രണ്ടുംകൂടി വഴക്കായി.”

“അതു ശരിയാണല്ലോടീ.” കുഞ്ഞൂഞ്ഞമ്മക്ക് അത്ഭുതം.

“ ഈ പ്രതിഭാസത്തേ സജാതീയ ധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കും എന്നു

ശാസ്ത്രത്തില്‍ പറയും.അതായത് രണ്ട് മീശയില്ലാത്തവര്‍ക്ക് ഒരുമിച്ച്

പ്രവര്‍ത്തിക്കാന്‍ പറ്റില്ല.”

“ ഓ അതാ ഈ പെണ്ണുങ്ങളുതമ്മില്‍ എപ്പോഴുംവഴക്കിടുന്നതല്ലേ?”

തോമസുകുട്ടിയുടെ കമന്റ് കേട്ടിട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.

“ അമ്മച്ചീ മീശ ഒന്നുമല്ല കാര്യം.” ബെറ്റി പിന്നെയും ചിരിച്ചു.

“ഇവരുടെ ബോഡീ ലാംഗ്വേജ് വളരെ വ്യത്യാസം ഉണ്ട്.”

“ അതെന്നാടീ ബെറ്റീ ഈ ബോഡീ ലാംഗ്വേജ്?” കുഞ്ഞൂഞ്ഞമ്മക്ക് ഒന്നും

മനസ്സിലായില്ല.

ബെറ്റി വിശദീകരിച്ചു

“അമ്മച്ചീ നമ്മുടെയെല്ലാം ശരീരത്തിനു ഒരു ഭാഷയുണ്ട്.

അതിനാണു ബോഡീ ലാംഗ്വേജ് എന്നുപറയുന്നത്.

നമ്മുക്ക് നാക്കുകൊണ്ട് കള്ളം പറയാം

പക്ഷേ അപ്പോഴും നമ്മുടെ ശരീരചലനങ്ങള്‍ സത്യം വിളിച്ചുപറയും.

അല്‍പ്പം ശ്രമിച്ചാല്‍ നമുക്ക് ഇത് പഠിക്കാം .

പഠിച്ചാല്‍ ഓരോരുത്തരുടെയും മനസ്സിലിരിപ്പ് നമുക്ക് പെട്ടന്നുപിടികിട്ടും.

ഇവിടെ ഒരാളു സംസാരിക്കുമ്പോള്‍ തല അനങ്ങുകയേയില്ല,

ഒരാളു സംസാരിക്കുമ്പോള്‍ തല മാത്രമല്ല ശരീരം മൊത്തം ഇട്ടെളക്കും.

ഇങ്ങനെയുള്ളരണ്ടുപേരുടെ മനസ്സുകള്‍ തമ്മില്‍ വലിയ വ്യത്യാസമായിരിക്കും.
ഒരിക്കലും യോജിക്കാന്‍ പറ്റില്ല.

അല്ലേ ചാച്ചാ?” ബെറ്റി എന്നെ നോക്കി.

“ അതിയാനു കോപ്പാ അറിയാവുന്നത്.

വേറേവിവരമുള്ളവരോടു വല്ലോം ചോദിക്കെടീ പെണ്ണേ“കുഞ്ഞൂഞ്ഞമ്മ

അടുക്കളയിലോട്ടുനടന്നു.

എന്നലെ ഞാന്‍ കൂട്ടുങ്കല്‍ കുര്യാപ്പിയേ ചീത്തവിളിച്ചതിന്റെ

ബാക്കിയാണിതെന്നറിയാവുന്നതുകൊണ്ട്

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

എങ്കിലും പിള്ളേരു പറഞ്ഞതില്‍ കുറച്ച് എന്തെക്കെയോകാര്യം

ഉണ്ടെന്നെനിക്കും തോന്നി .

മുമ്പും ബോഡീ ലാംഗ്വേജ് വ്യത്യാസമുള്ളവര്‍ തമ്മില്‍ എന്നും

വഴക്കടിച്ചിരുന്നല്ലോ.

Wednesday 23 May, 2007

പുണ്യാഹ പ്രശ്നത്തില്‍ കുഞ്ഞൂഞ്ഞമ്മ നയം വ്യക്തമാക്കുന്നു

"എടീ കുഞ്ഞൂഞ്ഞമ്മേ

ഒരു രാഷ്ടീയക്കാരന്‍ കയറിയതിനു ശുദ്ധിവരുത്താന്‍ പുണ്യഹം തളിച്ചെന്ന്”

അത് കേട്ടതും കുഞ്ഞൂഞ്ഞമ്മതാടിക്കു കൈവച്ചുകൊണ്ടുപറഞ്ഞു.

“എന്റെ മാതാവേ പണ്ടൊക്കെ എരുമച്ചാണകമല്ലേ തളിച്ചിരുന്നത്,

ഇപ്പോള്‍പുണ്യാഹം.പരിഷ്കാരം പോയ ഒരു പോക്കേ”

“അമ്പലത്തിലാണോടീ എരുമച്ചാണകം? പോരെങ്കില്‍ ഇത് ഒരു


കേന്ദ്രമന്ത്രിയുടെ കാര്യവും”

എനിക്കു അരിശം വന്നു.

“എന്നാല്‍ കാര്യം നേരേചൊവ്വേ പറ മനുഷേനേ” കുഞ്ഞൂഞ്ഞമ്മ തിണ്ണേലോട്ടു


കയറി.

“എടീ ഗുരുവായൂരമ്പലത്തില്‍ വയലാര്‍ജി കുഞ്ഞിനു ചോറുകൊടുത്തിട്ടു പോയ

പുറകേ അമ്പലം അശുദ്ധമായന്നും പറഞ്ഞ് അവിടെയുള്ളവരു പുണ്യാഹം

നടത്തീന്ന്”

“അത്രേ യൊള്ളോ, അതിനെന്നാ,നടത്തെണ്ടവന്‍ നടത്തെട്ടേ മന്ത്രിക്കു


പൈസാ ചിലവൊന്നുമില്ലല്ലോ”

“ എടീ കൂട്ടുങ്കല്‍ കുര്യാപ്പി അങ്ങിനെ വിചാരിക്കും എന്നുവച്ച്

മാന്യന്മാര്‍ അങ്ങിനെയല്ല. അതാദ്യം മനസ്സിലാക്ക്”


കൂട്ടുങ്കല്‍ കുര്യാപ്പി കുഞ്ഞൂഞ്ഞമ്മയുടെ അപ്പനാണു.അതായത് എന്റെ


അമ്മായിഅപ്പന്‍.

കുഞ്ഞൂഞ്ഞമ്മ എന്നെ രൂക്ഷമായി ഒന്നു നോക്കി.

“കൂട്ടുങ്കല്‍ കുര്യാപ്പി അവിടെങ്ങാനും കിടക്കട്ടേ,

നിങ്ങള്‍ പറയുന്ന ഈ മാന്യവ്യക്തി പുണ്യാഹം തളിപ്പിക്കുന്നത് ഇത് ആദ്യം

ഒന്നും അല്ലല്ലോ.

പിന്നേം പിന്നേം എന്തിനാ അങ്ങിനെ ചെയ്യുന്നത്?

ഞാന്‍ ആ അമ്പലക്കാരെ കുറ്റം പറയുകേല. അവരു പുണ്യാഹം തളിച്ചാലും

അകത്ത് കേറാന്‍ സമ്മതിക്കുകേം ചോറുകൊടുപ്പിക്കുകേം ഒക്കെ ചെയ്തില്ലേ?


പിന്നെ സത്യ ക്രിസ്ത്യാനിയായ നിങ്ങളെന്തിനാ ഇന്നാളു

നിങ്ങളുടെ പെങ്ങളുവന്നിട്ടുപോയപ്പോള്‍ അവരുചവിട്ടിയമണ്ണും

പിന്നെ മുളകും ഉപ്പും എല്ലാംകൂടി കൂട്ടി അടുപ്പിലിട്ടത്?

അതുപോലെ ഉള്ള ഒരു കലാപരിപാടിയായി എതും അങ്ങു കൂട്ട്”

കുഞ്ഞൂഞ്ഞമ്മ ഞാന്‍ അവളുടെ അപ്പനു പറഞ്ഞതിന്റെ കോപത്തിലാണെന്നു

മനസ്സിലായെങ്കിലും ഞാന്‍ വിട്ടില്ല.

“എടീ നമ്മളു മാമ്മോദീസ മുങ്ങുന്നതുപോലെ ഒന്നും വേണ്ടാ ഹിന്ദുവാകാന്‍,

അപ്പോപ്പിന്നെ ഇത്രേം ഭക്തിയുള്ള അദ്ദേഹം ഹിന്ദുവല്ലന്നുപറയുന്നത്

ശരിയല്ല”

“ ഞാനൊന്നും പറയുന്നില്ലെന്റെ മനുഷ്യേനേ,

ഒരു സ്ഥലത്ത് ഒരുനിയമം ഉണ്ടെങ്കില്‍ അതുപാലിക്കണം.അത്

വലിയകുറ്റമൊന്നും അല്ല.

അതു ശരിയല്ലായെങ്കില്‍ മാറ്റണം അതിനല്ലേ മന്ത്രിക്ക് അധികാരം

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല.

കുഞ്ഞൂഞ്ഞമ്മ കൂട്ടുങ്കല്‍ കുര്യാപ്പി യുടെ മകളാണെങ്കിലും പറഞ്ഞത്

കാര്യമാണല്ലോ.

അതു വെറുതേ നിഷേധിക്കുവാന്‍ ഞാന്‍ ഒരു രാഷ്ട്രീയക്കാരനുമല്ലല്ലോ.

Saturday 19 May, 2007

സഖാവിന്റെ പൂച്ചകള്‍ക്കു കുഞ്ഞൂഞ്ഞമ്മയുടെ വക നെയ്മീന്‍.

മൂന്നാറില്‍ ഒന്നാംതരം കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പടം

രാവിലെ പത്രത്തില്‍കണ്ടിട്ട് എനിക്ക് സഹിച്ചില്ല.

എത്ര ലക്ഷം രൂപയാ ഇടിച്ച് പൊടിച്ച് കളയുന്നത്.

ഞാന്‍ എന്റെ പെമ്പിളേ വിളിച്ചു

“എടീ കുഞ്ഞൂഞ്ഞമ്മേ, നീയിതു കണ്ടില്ലേടീ,

ആ കിളവന്റെ പൂച്ചകള്‍ എന്തെല്ലാം ശല്യങ്ങളാ ചെയ്യുന്നത്”

“കിളവനോ? സഖാവെന്നു പറ”


അവളൊരു ചീറ്റല്‍. ഞാന്‍ ഞെട്ടിപ്പോയി.

ഇന്നലെ കിടന്നുറങ്ങാന്‍ നേരത്ത് എന്റെ പാര്‍ട്ടിക്കാരിയായിരുന്ന

ഇവള്‍ ഇപ്പോള്‍ സഖാവായോ?

എന്റെ മോന്തയുടെ മാറ്റം കണ്ടിട്ടാവണം അവള്‍ വിശദീകരിച്ചു.

“ ഇത് കാലുമാറ്റമൊന്നുമല്ല.എന്നാലും സഖാവു ചെയ്യുന്നത് കാണാതിരിക്കാന്‍


പറ്റില്ല.

ഇന്നാളു മുല്ലപ്പെരിയാറു കാര്യത്തില്‍ ടിവിയില്‍ കുറെ അവന്മാരു

അതു ചെയ്യും ഇതുചെയ്യും എന്നൊക്കെ വളു വളാന്നു പറഞ്ഞോണ്ട്

കവാത്തുനടത്തിയില്ലേ? എന്നിട്ട് അവരെന്നാ കോപ്പാ ചെയ്തത് ?

കമന്നപ്ലാവില മലത്തിയതായി പോലും ഞങ്ങളാരും കണ്ടില്ല.

അങ്ങിനെയാണോ മൂന്നാറിലെന്നു നോക്കിക്കേ

സഖാവു പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യും. മനസ്സിലായോ?”

കുഞ്ഞൂഞ്ഞമ്മ വാശിയിലാണു. ഞാന്‍ വാപൊളിച്ചുപോയി.

ഇത്രയൊക്കെ ചരിത്രോം ഭൂമി ശാസ്ത്രവും ഇവളുമാരൊക്കെ പഠിച്ചോ?

“സഖാവിന്റെ പൂച്ചകള്‍ക്ക് ഞാന്‍ മീന്തലയല്ല,നെയ്മീന്‍ തന്നെ


മേടിച്ചുകൊടുക്കും.”

ഞാന്‍ വാ പൂട്ടി. ഇനി ഞാന്‍ വല്ലതും പറഞ്ഞാല്‍,

അവളു നെയ്മീനും വാങ്ങി മൂന്നാറിനു പോയാലോ?

പിന്നെ ഇവിടെ രാവിലേ കപ്പപ്പുഴുക്കും കഞ്ഞിയും ആരൊണ്ടാക്കും.

Friday 18 May, 2007

ഞങ്ങളേപ്പറ്റി.....!

ഞങ്ങള്‍ രാഷ്ടീയ ചിന്തകളില്‍ നിഷ്പക്ഷരൊന്നുമല്ല.

അദ്ധ്വാന വര്‍ഗസിദ്ധാന്തം ചോരയിലുള്ള

കേരളാ കോണ്‍ഗ്രസ്സുകാരാണു ഞങ്ങള്‍

മാണിസ്സാറിന്റെ ഉറച്ച അനുയായികള്‍.

പിന്നെ ഞങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും

മാണിസ്സാറിന്റെഅഭിപ്രായങ്ങളുമായി

മാറ്റമുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.

ഞങ്ങളുടെ നോട്ടത്തില്‍ ശരി അങ്ങിനെയാണു.

അതു ഞങ്ങള്‍ എവിടേയും പറയും.

അത് തന്റേടത്തോടെ പറഞ്ഞില്ലായെങ്കില്‍

ഞങ്ങള്‍ എന്തോന്ന് മീനച്ചില്‍ താലൂക്കുകാര്‍??

ഞങ്ങള്‍ റബ്ബര്‍ നടുമെങ്കിലും മനസ്സ് ഉറപ്പുള്ളതാ

കരിങ്കല്ലുപോലെ കേട്ടോ